ഹൈദരാബാദ്: തെലങ്കാനയില്‍ ദളിത് യുവതിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. കരിംനഗര്‍ ജില്ലയിലാണ് സംഭവം. പൊലീസ് സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി പരിശീലനത്തിലായിരുന്നു പെണ്‍കുട്ടി. പരിശീലനക്ലാസില്‍ ഒപ്പമുണ്ടായിരുന്ന യുവാക്കളാണ് 22 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.
മൂന്ന് യുവാക്കള്‍ക്കെതിരേയാണ് പരാതി. കരിംനഗറിലെ വീണവാങ്ക ഗ്രാമത്തില്‍ ഈ മാസം പത്തിനായിരുന്നു സംഭവം നടന്നത്. സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പം സിനിമ കണ്ടു മടങ്ങവേ ഇരുവരെയും യുവാക്കള്‍ അടുത്തുള്ള കുന്നിന്‍മുകളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. സംശയം തോന്നിയതോടെ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി ഓടി രക്ഷപെട്ടു.
പുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഇതിന്റെ പേരില്‍ യുവാക്കള്‍ പെണ്‍കുട്ടിയെ തുടര്‍ന്നും പീഡിപ്പിക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞത്. തുടര്‍ന്നാണ് പരാതി നല്‍കിയത്. പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം ഉള്‍പ്പെടെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.