ഇസ്ലാമാബാദ്: പഠാന്‍കോട്ട് വ്യോമസേനാ താവളത്തിലെ തീവ്രവാദി ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ കൂടി പാകിസ്ഥാനില്‍ പിടിയിലായി. ഖാലിദ് മുഹമ്മദ്, ഇര്‍ഷാദുള്‍ ഹഖ്, മുഹമ്മദ് ഷൊയിബ് എന്നിവരെ തീവ്രവാദ വിരുദ്ധ വിഭാഗമാണ് അറസ്റ്റ് ചെയ്തത് .
ലഹോറിന് സമീപം ചാന്ദ് ദാ ഖിലയിലെ വാടക വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. തീവ്രവാദ കേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും ആറ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യലിനായി മൂവരെയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി പാകിസ്ഥാന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പിടിയിലായവര്‍ക്ക് ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമായിട്ടില്ല. ജനുവരി രണ്ടിനാണ് പഠാന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിന് നേരെ ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. വ്യോമസേനാ താവളത്തിനുളളില്‍ കയറിയ ഭീകരരെ മൂന്ന് ദിവസങ്ങള്‍ക്കൊടുവിലാണ് സൈന്യം വധിച്ചത്. മലയാളി എന്‍എസ്ജി ലഫ്. കേണല്‍ നിരഞ്ജന്‍ കുമാര്‍ ഉള്‍പ്പെടെയുളള സൈനികരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് പഠാന്‍കോട്ട് ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍മാരുടെ പങ്ക് അന്വേഷിക്കുന്ന സംയുക്ത അന്വേഷണ സംഘത്തിന് പാക് സർക്കാർ അന്തിമ രൂപം നല്കിയത്. പഞ്ചാബിലെ തീവ്രവാദ വിരുദ്ധ വിഭാഗം അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുഹമ്മദ് തഹീര്‍ റായിയുടെ നേതൃത്വത്തിലാണ് സംയുക്ത അന്വേഷണ സംഘം.
ലാഹോറിലെ രഹസ്യാന്വേഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മൊഹമ്മദ് അസിം അര്‍ഷാദ്, ഐഎസ്‌ഐ ലഫ്. കേണല്‍ തന്‍വീര്‍ അഹമ്മദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉളളത്. നേരത്തെ ആറംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നെങ്കിലും സംയുക്ത അന്വേഷണ സംഘം നിലവില്‍ വന്നതോടെ ഇനി ഇവരായിരിക്കും കേസ് അന്വേഷിക്കുക.
നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പഠാന്‍കോട്ടില്‍ ആക്രമണത്തിനെത്തിയ ഭീകരര്‍ പാകിസ്ഥാനില്‍ നിന്നുളള ആസൂത്രകരെ ബന്ധപ്പെട്ട ടെലിഫോണ്‍ നമ്പരുകള്‍ അടക്കമുളള തെളിവുകള്‍ ഇന്ത്യ നേരത്തെ കൈമാറിയിരുന്നു.