ന്യൂഡല്‍ഹി: പരീക്ഷാക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് മാനസികധൈര്യം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്. പൊതുബജറ്റ് നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ 125 കോടി ഇന്ത്യക്കാര്‍ക്കിടയില്‍ തനിക്കും നാളെ പരീക്ഷണ ദിവസമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ തുടക്കം. എന്നാല്‍ ഈ പരീക്ഷണത്തില്‍ വിജയിക്കാനാകുമെന്ന് പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അനാവശ്യ ചിന്തകളിലും പ്രവൃത്തിയിലും മുഴുകിയാല്‍ ജീവിതത്തില്‍ വിജയിക്കാനാകില്ലെന്ന് വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി പറഞ്ഞു. ലക്ഷ്യ ബോധവും ഈശ്വരവിശ്വാസവും ഏകാഗ്രതയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏത് വെല്ലുവിളിയും നേരിടാന്‍ സാധിക്കും. പരീക്ഷ ഉയര്‍ത്തുന്ന സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ ആത്മവിശ്വാസവും ആരോഗ്യവും കാത്തുസൂക്ഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇക്കൊല്ലം പരീക്ഷയില്‍ എന്ത് സംഭവിക്കുമെന്ന ആശങ്കയില്‍ സ്വയം ദുര്‍ബ്ബലരാകരുത്. ശാന്തമായി പരീക്ഷയെ നേരിടണം. വലിയ ലക്ഷ്യങ്ങളാകണം ജീവിതത്തില്‍ മുന്നില്‍ കാണേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ധ്യാപകരും മാതാപിതാക്കളും കുട്ടികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ദിവസവും അര മണിക്കൂറെങ്കിലും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ചെലവഴിക്കണമെന്നും പ്രധാനമന്ത്രി കുട്ടികളോട് ഉപദേശിച്ചു. കുട്ടികള്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും പകരാന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ്, പ്രമുഖ ശാസ്ത്രജ്ഞന്‍ സി.എന്‍.ആര്‍ റാവു, ആത്മീയാചാര്യന്‍ മൊരാരി ബാപ്പു തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം പരിപാടിയില്‍ ചേര്‍ന്നു. മൂവരുടെയും സന്ദേശങ്ങള്‍ പരിപാടിയില്‍ പ്രക്ഷേപണം ചെയ്തു.
രാജ്യത്ത് നിരവധി അവസരങ്ങള്‍ ഉണ്ടെന്നും ജീവിതത്തില്‍ എന്താകണമെന്ന് നിങ്ങള്‍ തീരുമാനിക്കണമെന്നും അത് ഒരിക്കലും കൈവിട്ട് കളയരുതെന്നുമായിരുന്നു സിഎന്‍ആര്‍ റാവുവിന്റെ വാക്കുകള്‍. പരീക്ഷകള്‍ പിരിമുറുക്കത്തിന് കാരണമാകുമെങ്കിലും വിഷമിക്കാതെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് മാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റ് കരിയറിലെ ഉദാഹരണങ്ങളായിരുന്നു സച്ചിന്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ നിരത്തിയത്. ഓരോ ഘട്ടം കഴിയുമ്പോഴും തന്നില്‍ അര്‍പ്പിച്ചിരുന്ന പ്രതീക്ഷകള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കടക്കുന്നതായി മനസിലാക്കിയിരുന്നു. എന്നാല്‍ തന്റേതായ ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുകയും അത് നേടിയെടുക്കുകയുമായിരുന്നു ചെയ്തിരുന്നതെന്ന് സച്ചിന്‍ പറഞ്ഞു. എപ്പോഴും ശുഭാപ്തി വിശ്വാസമാണ് ആവശ്യമെന്നും സച്ചിന്‍ പറഞ്ഞു. ജീവിതം ചതുരംഗം പോലെ പ്രവചനാതീതമാണെന്നായിരുന്നു വിശ്വനാഥന്‍ ആനന്ദിന്റെ വാക്കുകള്‍. ശാന്തമായി ഇരിക്കണമെന്നും അങ്ങനെയായാല്‍ ഉചിതമായ സമയത്ത് ഉചിതമായ ഉത്തരങ്ങള്‍ തലച്ചോറില്‍ തെളിയുമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു.