ന്യൂഡല്‍ഹി: ജെഎന്‍യു വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ എന്നിവരുള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരേ രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. തെലങ്കാന സൈബരാബാദിലെ സരൂര്‍നഗര്‍ പൊലീസാണ് കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തത്.
അഭിഭാഷകനായ ജനാര്‍ദ്ദന്‍ ഗൗഡ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കാന്‍ ഉത്തരവിട്ടത്. കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മ, അജയ് മാക്കന്‍, സിപിഐ നേതാവ് ഡി. രാജ, ജെഡിയു വക്താവ് കെ.സി ത്യാഗി, ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണത്തിന് നേതൃത്വം നല്‍കിയ ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ഡല്‍ഹി പൊലീസ് കനയ്യ കുമാറിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തെന്ന് അറിഞ്ഞിട്ടും ഈ നേതാക്കള്‍ ജെഎന്‍യു ക്യാമ്പസ് സന്ദര്‍ശിക്കുകയും പ്രസ്താവനകളിലൂടെയും മറ്റും കനയ്യയെയും കൂട്ടരെയും പിന്തുണയ്‌ക്കുകയും ചെയ്തതായി ജനാര്‍ദ്ദന്‍ ഗൗഡ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതും രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ വാദം. മെട്രൊപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വ്യാഴാഴ്ചയാണ് ഗൗഡ് ഹര്‍ജി നല്‍കിയത്.
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിലൂടെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ പിന്തുണയ്‌ക്കുകയാണ് നേതാക്കള്‍ ചെയ്തതെന്നും ഹര്‍ജിയില്‍ ഗൗഡ് ചൂണ്ടിക്കാട്ടുന്നു.