കണ്ണൂര്‍: പ്രതിഷേധങ്ങള്‍ക്കിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിന്റെ വികസനേട്ടമായി ഉയര്‍ത്തിക്കാട്ടാനാണ് ധൃതിപിടിച്ച് പരീക്ഷണപ്പറക്കല്‍ നടത്തുന്നതെന്ന ആരോപണത്തിനിടെയായിരുന്നു ചടങ്ങ്. വായുസേനയുടെ ഡോണിയര്‍ 228 വിമാനമാണ് റണ്‍വേയില്‍ പ്രത്യേകം തയ്യാറാക്കിയ ഭാഗത്ത് ഇറങ്ങിയത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ.ബാബുവും ഹെലികോപ്റ്ററില്‍ വന്നിറങ്ങിയതിന്റെ തൊട്ടുപിന്നാലെയായിരുന്നു ഡോണിയറിന്റെ വരവ്. കണ്ണൂര്‍ സ്വദേശി കൂടിയായ എയര്‍മാര്‍ഷല്‍ ആര്. നമ്പ്യാരായിരുന്നു പൈലറ്റ്. തുടര്‍ന്ന് നടന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ധൃതിപിടിച്ചുളള ഉദ്ഘാടനമെന്ന് ആരോപിച്ച് ഇടതുപക്ഷവും ചടങ്ങ് കോണ്‍ഗ്രസ് മേളയാക്കിയെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളെ അവഗണിച്ചെന്നും ആരോപിച്ച് ബിജെപിയും പരിപാടി ബഹിഷ്കരിച്ചു.
വരുന്ന സെപ്തംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രി കെ.ബാബുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ കെ.സി ജോസഫ്, കെ.പിമോഹനന്‍, ആര്യാടന് മുഹമ്മദ് എന്നിവരും പങ്കെടുത്തു.
3050 മീറ്റര്‍ ദൈര്‍ഘ്യമുളള റണ്‍വെയാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. ഇതിന്റെ 78 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായി. റണ്‍വെയില്‍ 1500 മീറ്റര്‍ പ്രത്യേകം അടയാളപ്പെടുത്തിയാണ് പരീക്ഷണപ്പറക്കലിന് ഉപയോഗിച്ചത്. പരീക്ഷണപ്പറക്കല്‍ കാണുന്നതിനായി നൂറുകണക്കിന് നാട്ടുകാരും വിമാനത്താവളത്തിലെത്തിയിരുന്നു.