തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹീറോയാക്കി കാണിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ കേരളത്തിലെ ഇടത് ബുദ്ധജീവികള്‍ നടത്തിയ ശ്രമം പാളി. നിലവില്‍ നടക്കുന്ന ജെഎന്‍യു വിവാദവുമായി കൂട്ടിയിണക്കി യെച്ചൂരിയെ ഹീറോയാക്കാനുളള ശ്രമമാണ് ദയനീയമായി പാളിയത്. ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് ഇടത് ബുദ്ധിജീവികള്‍ സോഷ്യല്‍ മീഡിയയില്‍ നാണം കെടുകയും ചെയ്തു.
ജെഎന്‍യു വിദ്യാര്‍ഥി നേതാവായിരിക്കെ യെച്ചൂരിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധിയെ തടയുന്ന ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ പി. രാജീവ് അടക്കമുളള ഇടത് നേതാക്കള്‍ക്ക് നാണക്കേടായി മാറിയത്.
അടിയന്തരാവസ്ഥക്കാലത്ത് ഏകാധിപത്യ സ്വഭാവം കാട്ടിയ ഇന്ദിരാഗാന്ധിയെ ക്യാമ്പസിലേക്ക് കടക്കാന്‍ സമ്മതിക്കാതെ തടയുന്ന ചിത്രമെന്ന വിശേഷണത്തോടെയായിരുന്നു ഫോട്ടോ പ്രചരിച്ചത്. അന്ന് വിദ്യാര്‍ഥിനേതാവായിരുന്ന യെച്ചൂരി പ്രതിഷേധ നിലപാട് പ്രധാനമന്ത്രിയെ വായിച്ചുകേള്പ്പിക്കുകയാണെന്നും ചിത്രത്തില്‍ അടിക്കുറിപ്പായി നല്‍കിയിരുന്നു.
ജെഎന്‍യുവില്‍ നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങളെ ന്യായീകരിക്കാന്‍ ഉദ്ദേശിച്ചായിരുന്നു പോസ്റ്റ്. എന്നാല്‍ ചിത്രം അടിയന്തരാവസ്ഥക്കാലത്തേതല്ലെന്നും 1977 ല്‍ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ദിരാഗാന്ധി ജെഎന്‍യു ചാന്‍സലര്‍ സ്ഥാനം ഒഴിയാത്തതിനെതിരേ നടന്ന പ്രതിഷേധമാണെന്നും വ്യക്തമായതോടെയാണ് നേതാക്കളെ പരിഹസിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.
അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ടിട്ടും ഇന്ദിരാഗാന്ധി ചാന്‍സലര്‍ സ്ഥാനം രാജിവെയ്ക്കാത്തതിനെതിരേ നടന്ന പ്രതിഷേധത്തിന്റെ ചിത്രമായിരുന്നു ഇത്. സംഗതി അബദ്ധമായെന്ന് ബോധ്യപ്പെട്ടതോടെ പി. രാജീവ് തെറ്റുപറ്റിയെന്ന് സമ്മതിച്ച് തലയൂരി. ഇത്തരം തെറ്റുകള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നും ഭാവിയില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും പി. രാജീവ് വ്യക്തമാക്കി.