തിരുവനന്തപുരം: പൊതുജനത്തെ വലച്ച് കടയടപ്പ് സമരവും പെട്രോള്‍ പമ്പ് സമരവും. എണ്ണക്കമ്പനികള്‍ ലൈസന്‍സ് പുതുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പെട്രോള്‍ പമ്പുടമകള്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ അനശ്ചിതകാല സമരം ആരംഭിച്ചത്. ആദ്യദിനം കാര്യമായി വാഹനഗതാഗതത്തെ ബാധിച്ചിട്ടില്ലെങ്കിലും സമരം തുടര്‍ന്നാല്‍ സംസ്ഥാനത്തെ ഗതാഗത സംവിധാനത്തെ ഇത് സാരമായി ബാധിക്കും.
എക്സ്പ്ലോസീവ് ലൈസന്‍സ് ഉള്‍പ്പടെയുള്ളവ സര്‍ക്കാരില്‍ നിന്ന് എടുത്ത് നല്കാന് എണ്ണക്കമ്പനികള്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയും ട്രേഡേഴ്സിന്റെ നേതൃത്വത്തിലാണ് സമരം. സംഘടനയ്ക്ക് കീഴിലുളള രണ്ടായിരത്തോളം പമ്പുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
അമ്പലപ്പുഴയില്‍ വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി ആരോപിച്ച് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുന്നത്. എന്നാല്‍ അമ്പലപ്പുഴയിലും ആലപ്പുഴയിലും ഏറെക്കുറെ പൂര്‍ണമാണെങ്കിലും മറ്റിടങ്ങളില്‍ ഭാഗീകമാണ്.