ബംഗലൂരു: ബീഫ് കഴിച്ചതിന് മലയാളി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചുവെന്ന വാര്്ത്തയുടെ വാസ്തവം അന്വേഷിക്കാതെ ഫെസ്ബുക്കില്‍ പോസ്റ്റിട്ട സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് മാപ്പ് പറയണമെന്ന് കര്‍ണാടക എംഎല്‍എ എസ്. സുരേഷ്കുമാര്‍. ബീഫ് കഴിച്ചതിന്റെ പേരിലാണ് വിദ്യാര്ഥികള്ക്കെതിരേ അക്രമം നടന്നതെന്ന് കാണിച്ച് കേരളത്തിലെ മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് അതിശയകരമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
പിന്നീട് മാദ്ധ്യമങ്ങള്‍ വാര്‍ത്തയുടെ നിജസ്ഥിതി അറിയുകയും തിരുത്തുകയും ചെയ്തു. എ്ന്നാല്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ പിണറായി വിജയന് ഇതുവരെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ വ്യാജവാര്‍ത്തയാണെന്ന് മനസിലായിട്ടും അദ്ദേഹം അത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി. പിണറായി ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും ഒരു കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്നും അത് പ്രതീക്ഷിക്കുന്നത് അമിതമാവില്ലെന്നും സുരേഷ് കുമാര്‍ പറയുന്നു.
കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുളള പ്രചാരണമാണോ പിണറായി നടത്തുന്നതെന്നും സുരേഷ് കുമാര്‍ ചോദിക്കുന്നു. പിണറായി വിജയനെപ്പോലെ ഉത്തരവാദിത്വമുളള നേതാക്കള്‍ കലാപത്തിലേക്ക് വരെ നയിക്കാവുന്ന ഇത്തരം പോസ്റ്റുകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഇടുന്നത് ഭൂഷണമല്ലെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ബെംഗലൂരുവില്‍ കേരളത്തില്‍ നിന്നുളളവര്‍ എപ്പോഴും സുരക്ഷിതരാണ്. സഹോദരീ സഹോദരന്മാരെപ്പോലെയാണ് അവരെ കാണുന്നത്. ഭാഷയുടെ അടിസ്ഥാനത്തില്‍ ഒരിക്കലും ആളുകളോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.