തൃശൂര്‍: തൃശൂര്‍ പീച്ചിയില്‍ പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാല്‍പ്പത് കൊല്ലം കഠിന തടവ്. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിയായ സാല്‍വേഷന്‍ ആര്‍മി പാസ്റ്റര്‍ കോട്ടയം കറുകച്ചാല്‍ സ്വദേശി സനല്‍.കെ ജെയിംസിന് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി വിധിച്ച ശിക്ഷ ഒന്നിച്ചനുഭിക്കാമെന്നതിനാല്‍ ഇരുപത് കൊല്ലം സനലിന് ജയിലില്‍ കിടക്കേണ്ടി വരും.
രണ്ടുവര്‍ഷം മുമ്പാണ് സംഭവം നടന്നത്. പീച്ചി സാല്‍വേഷന്‍ ആര്‍മിയിലെ പാസ്റ്ററായ സനല്‍ പന്ത്രണ്ട് വയസുകാരി പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതി താമസിച്ചിരുന്ന പള്ളിമേടയില്‍ വെച്ചായിരുന്നു അതിക്രമം. തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്‌ക്ക് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് പീച്ചി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് ശിക്ഷ മുന്നറിയിപ്പാകണം എന്ന നിരീക്ഷണത്തോടെയാണ് അപൂര്‍വ ശിക്ഷാവിധി കോടതി പ്രസ്താവിച്ചത്. ഇരുപതിനായിരം രൂപ പിഴയും സനല്‍ നല്‍കണം. പിഴ നല്‍കിയില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലും സനല്‍ പ്രതിയാണ്.















