ന്യൂഡല്‍ഹി: ഇസ്രത് ജഹാന് അനുകൂലമായി സത്യവാങ്മൂലം തിരുത്തിയത് ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം ആണെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിളള. ഇസ്രത്തിന് ലഷ്കര്‍ ബന്ധമുണ്ടെന്ന സത്യവാങ്മൂലം തിരുത്തിയത് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജി.കെ പിളളയുടെ പുതിയ വെളിപ്പെടുത്തല്‍.
2009 ല്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന യുപിഎ സര്‍ക്കാര്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലമാണ് വിവാദമായത്. ആദ്യ സത്യവാങ്മൂലത്തില്‍ ഇസ്രത്തിന് ലഷ്കര്‍ ബന്ധമുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം ഇത് തിരുത്തി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു. ജി.കെ പിളള തന്നെയാണ് കഴിഞ്ഞ ആഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ വെളിപ്പെടുത്തല്‍ രാഷ്ട്രീയ മുതലെടുപ്പിനാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. പി. ചിദംബരമാണ് സത്യവാങ്മൂലം തിരുത്തിയതെന്ന പുതിയ വെളിപ്പെടുത്തലോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്.
ഇന്റലിജന്‍സ് ബ്യൂറോയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ചാണ് ചിദംബരം സത്യവാങ്മൂലം തിരുത്തിയതെന്ന് ജി.കെ പിളള പറഞ്ഞു. ചിദംബരം നേരിട്ട് ഇടപെട്ടതിനാല്‍ ആരും ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞില്ല. സത്യവാങ്മൂലം മാറ്റിയെഴുതിയതിനെക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരുമായോ ആഭ്യന്തരസെക്രട്ടറിയുമായോ അദ്ദേഹം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ജി.കെ പിളള ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
രാഷ്ട്രീയ മുതലെടുപ്പിനാണ് സത്യവാങ്മൂലം തിരുത്തി നല്‍കിയതെന്നാണ് ജി.കെ പിളളയുടെ ആരോപണം. മുംബൈ ഭീകരാക്രമണത്തിന് ഒത്താശ ചെയ്ത ഡേവിഡ് കോള്മാന് ഹെഡ്ലി മുംബൈ കോടതിയില്‍ അടുത്തിടെ നല്കിയ മൊഴിയിലും ഇസ്രത്തിന്റെ ലഷ്കര്‍ ബന്ധത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.