ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത് ജഹാന് അനുകൂലമായി യുപിഎ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സംഭവത്തില്‍ ബിജെപി നിലപാട് ശക്തമാക്കുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം നേരിട്ടാണ് ആദ്യസത്യവാങ്മൂലത്തില്‍ തിരുത്തല്‍ വരുത്തിയതെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ബിജെപി ഇക്കാര്യത്തില്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.
എന്തിനാണ് സത്യവാങ്മൂലത്തില്‍ തിരുത്തല്‍ വരുത്തിയതെന്ന് ചിദംബരവും പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗും വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വെങ്കയ്യ നായിഡു പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ബിജെപി എംപി ഭൂപേന്ദര്‍ യാദവ് ആണ് രാജ്യസഭയില്‍ വിഷയത്തില്‍ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസ് നല്‍കിയത്. ചിദംബരം നേരിട്ടാണ് സത്യവാങ്മൂലം തിരുത്തിയതെന്ന് ഇന്നലെ ഒരു ചാനല്‍ അഭിമുഖത്തില്‍ മുന്‍ ആഭ്യന്തരസെക്രട്ടറിയായിരുന്ന ജി.കെ പിളളയാണ് വെളിപ്പെടുത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
വിഷയത്തില്‍ യുപിഎ സര്‍ക്കാര്‍ കൈക്കൊണ്ട നടപടി രാജ്യവിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി കുറ്റപ്പെടുത്തി. ഇസ്രത് വിഷയത്തില്‍ ചിദംബരത്തിന്റെ നിലപാട് സംശയാസ്പദമാണെന്നും ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും എംപി ശത്രുഘ്‌നന്‍ സിന്‍ഹയും സഭയില്‍ ചൂണ്ടിക്കാട്ടി.
2009 ല്‍ ഇസ്രത് ജഹാന് ലഷ്‌കര്‍ ബന്ധമുണ്ടെന്ന് വ്യക്തമാക്കി ഗുജറാത്ത് ഹൈക്കോടതിയില്‍ ആദ്യ സത്യവാങ്മൂലം നല്‍കിയ യുപിഎ സര്‍ക്കാര്‍ പിന്നീട് ഇത് തിരുത്തി നല്‍കുകയായിരുന്നു. തീവ്രവാദ കേസുകളില്‍ പോലും രാജ്യതാല്‍പര്യം നോക്കാതെ രാഷ്‌ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച ചിദംബരത്തിന്റെയും കോണ്‍ഗ്രസിന്റെയും സമീപനത്തെ വിവിധ രാഷ്‌ട്രീയ കക്ഷികള്‍ ഇതിനോടകം തന്നെ വിമര്‍ശിച്ചുകഴിഞ്ഞു.