കൊട്ടാരക്കര: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍. ബാലകൃഷ്ണപിള്ള മത്സരിക്കാനുള്ള സാധ്യത മങ്ങുന്നു. പിള്ള ഇടത് സ്ഥാനാര്‍ത്ഥിയാകുന്നതിനോട് മുന്നണിക്കുള്ളില്‍ ഉയരുന്ന എതിര്‍പ്പാണ് കാരണം. സിപിഐ ഉള്‍പ്പെടെയുള്ള ഘടകക്ഷികളാണ് ആര്‍.ബാലകൃഷ്ണപിള്ള ഇടത് സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ രംഗത്തുള്ളത്. അതേസമയം പത്തനാപുരത്ത് ഗണേഷ്‌കുമാറിന്റെ സീറ്റ് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന ബാലകൃഷ്ണപിളളയുടെ വാക്കുകളെ അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമായി കണ്ടാല്‍ മതിയെന്നും ഇക്കാര്യത്തില്‍ മുന്നണി യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നുമാണ് സിപിഐ വ്യക്തമാക്കുന്നത്. പത്തനാപുരത്ത് ഗണേഷിന് സീറ്റ് വിട്ട് നല്‍കാന്‍ സിപിഎം സന്നദ്ധത അറിയിച്ചുകഴിഞ്ഞു. പകരം ആര്‍എസ്പി മുന്നണി വിട്ടതോടെ ഒഴിവ് വന്ന അരുവിക്കര സീറ്റ് സിപിഎം ഏറ്റെടുക്കും.
കൊല്ലത്തെ ആര്‍എസ്പി സീറ്റുകളുടെ കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഇരവിപുരം സീറ്റില്‍ സിപിഐ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. കുന്നത്തൂര്‍ കോവൂരിന് നല്‍കാന്‍ ധാരണയായിക്കഴിഞ്ഞ സാഹചര്യത്തില്‍ ഷിബു ബേബി ജോണ്‍ മത്സരിക്കുന്ന ചവറ മാത്രമാകും പഴയ ആര്‍എസ്പി സീറ്റുകളില്‍ സിപിഎമ്മിന് ലഭിക്കുക.
അതേസമയം കൂടുതല്‍ പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥികളായി രംഗത്തിറക്കുമെന്ന് വ്യക്തമാക്കുന്ന സിപിഐ നേതൃത്വം രണ്ട് ടേം പൂര്‍ത്തിയാക്കിയവര്‍ ഒഴിവാകണമെന്ന സംസ്ഥാന സമ്മേളന തീരുമാനം നടപ്പാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.