ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ അഫ്സല് അനുസ്മരണം സംഘടിപ്പിച്ചതിന്റെയും രാജ്യദ്രോഹമുദ്രാവാക്യം ഉയര്‍ത്തിയതിന്റെയും പേരില്‍ അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന് ഡല്‍ഹി ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജെഎന്‍യുവിലെ അദ്ധ്യാപകന് ജാമ്യം നില്‍ക്കണമെന്ന് ഉള്‍പ്പെടെയുളള വ്യവസ്ഥകളോടെയാണ് കോടതി ആറ് മാസത്തേക്ക് കനയ്യയ്ക്ക് ജാമ്യം അനുവദിച്ചത്. ഇതിന് പുറമേ പതിനായിരം രൂപയുടെ ജാമ്യത്തുകയും തത്തുല്യമായ മറ്റൊരു ജാമ്യവും ഹാജരാക്കണം.
അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്ത് അവര്‍ക്ക് മുമ്പില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കനയ്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇന്റലിജന്‍സ് ബ്യൂറോയുടെയും ഡല്‍ഹി പൊലീസിന്റെയും ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് നല്‍കുന്നതെന്നും പൊലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി കനയ്യയോട് നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ മാസം 12 നാണ് കനയ്യ അറസ്റ്റിലാവുന്നത്.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്സല് ഗുരുവിന്റെ മൂന്നാം ചരമദിനത്തോട് അനുബന്ധിച്ചാണ് ജെഎന്‍യു ക്യാമ്പസില്‍ അഫ്സല് അനുസ്മരണം നടന്നത്. സാംസ്കാരിക പരിപാടിയെന്ന പേരില്‍ കോളജ് അധികൃതരുടെ പോലും അനുമതി വാങ്ങാതെയായിരുന്നു പരിപാടി. എന്നാല്‍ പരിപാടിക്കിടെ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതോടെയാണ് സംഭവം വിവാദമായത്.