ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകന്
കാര്‍ത്തി ചിദംബരത്തിന് പങ്കുളള എയര്‍സെല്‍ മാക്സിസ് ഇടപാടില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്്റ്റ്ലി. പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ് ജെയ്റ്റ്ലി ഇക്കാര്യം വ്യക്തമാക്കിയത്.
വിഷയത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ സഭയില്‍ ബഹളം വെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം ചര്‍ച്ചയ്ക്ക് എടുത്തത്. ഗൗരവമായ അന്വേഷണമാണ് നടക്കുന്നതെന്നന്ന് ജെയ്റ്റ്ലി സഭയെ അറിയിച്ചു. ബിജു ജനതാദളും എഐഎഡിഎംകെയെ പിന്തുണച്ചു.
അന്വേഷണം നിര്‍ണായക ഘട്ടത്തിലായതുകൊണ്ടു തന്നെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാന്‍ കഴിയില്ല. അന്വേഷണം പൂര്‍ത്തിയായാല്‍ കോടതിയില്‍ വിവരങ്ങള്‍ സമര്‍പ്പിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. അന്വേഷണത്തില്‍ സര്‍ക്കാര്‍ മെല്ലപ്പോക്ക് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ജെയ്റ്റ്ലി നിഷേധിച്ചു. കേസില്‍ യുപിഎ നിലപാടല്ല സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.