ന്യൂഡല്‍ഹി: അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്കുന്ന സഖ്യത്തില്‍ ചേര്‍ന്ന് മത്സരിക്കാന്‍ അസം ഗണപരിഷത്ത് തീരുമാനിച്ചു. ഡല്‍ഹിയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മുന്‍ മുഖ്യമന്ത്രിയും അസം ഗണപരിഷത് നേതാവുമായ പ്രഫുല്ല കുമാര്‍ മഹന്തയാണ് ഇക്കാര്യം അറിയിച്ചത്.
പ്രഫുല്ല കുമാര്‍ മഹന്തയ്ക്കൊപ്പം അസം ഗണപരിഷത്തിന്റെ മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുളളില്‍ സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇരു പാര്‍ട്ടി നേതാക്കളും നടത്തുമെന്നും സീറ്റ് ധാരണ ഉള്‍പ്പെടെയുളള വിവരങ്ങള്‍ അപ്പോള്‍ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സര്‍ബാനന്ദ സൊനോവാള്‍, അസം ഗണപരിഷത് സംസ്ഥാന അധ്യക്ഷന്‍ അതുല്‍ ബോറ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന പൊതുമിനിമം പരിപാടിയെക്കുറിച്ച് ഇരുപാര്‍ട്ടികളും ഉടന്‍ രൂപം നല്‍കുമെന്ന് അതുല്‍ ബോറ പറഞ്ഞു. തരുണ്‍ ഗൊഗോയ് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്നിറക്കുകയാണ് ലക്ഷ്യമെന്നും കോണ്‍ഗ്രസ് നിഷ്ക്രിയവും അഴിമതി നിറഞ്ഞതുമായ ഭരണമാണ് നടത്തുന്നതെന്നും അതുല്‍ ബോറ ചൂണ്ടിക്കാട്ടി.
അസമിലെ 126 അംഗ നിയമസഭയിലേക്ക് ഏപ്രില്‍, മെയ് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. 2009 ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയുമായി ചേര്‍ന്നാണ് അസം ഗണപരിഷത് മത്സരിച്ചത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഇരുകൂട്ടരും പ്രത്യേകമാണ് മത്സരിച്ചത്. ബിജെപി പതിന്നാല് സീറ്റുകള്‍ നേടിയപ്പോള്‍ അസം ഗണ പരിഷത്തിന് സീറ്റുകളൊന്നും ലഭിച്ചിരുന്നില്ല.