പ്യോങ് യാങ്: ആണവ പരീക്ഷണങ്ങളുടെ പേരില്‍ കടുത്ത ഉപരോധമേര്‍പ്പെടുത്തിക്കൊണ്ടുളള പ്രമേയത്തിന് ഐക്യരാഷ്‌ട്ര രക്ഷാസമിതി അംഗീകാരം നല്‍കിയതിന് പിന്നാലെ ഉത്തരകൊറിയ വീണ്ടും ആയുധപരീക്ഷണം നടത്തിയതായി ആരോപണം. ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രാലയമാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇന്ന് രാവിലെ ചെറുമിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചുവെന്ന് ദക്ഷിണകൊറിയ ആരോപിച്ചു.
മിസൈലുകളോ റോക്കറ്റുകളോ ആകാം പരീക്ഷിച്ചതെന്നും ദക്ഷിണകൊറിയ വ്യക്തമാക്കുന്നു. ജനുവരിയില്‍ ലോക രാജ്യങ്ങളുടെ എതിര്‍പ്പ് മറികടന്ന് ഉത്തരകൊറിയ നാാലാമത്തെ ആണവ പരീക്ഷണം നടത്തിയിരുന്നു. 2006 ന് ശേഷം ആദ്യമായിട്ടായിരുന്നു പരീക്ഷണം. പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്ന ഈ ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണത്തിന് പിന്നാലെ ഹ്രസ്വദൂര ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങളും അടുത്തിടെ ഉത്തരകൊറിയ പതിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉപരോധ വ്യവസ്ഥകള്‍ ഐക്യരാഷ്‌ട്രസഭ കടുപ്പിച്ചത്.
ഉത്തര കൊറിയയുമായുള്ള നയതന്ത്ര ബന്ധത്തിലും വ്യാപാരത്തിലും നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് പുറമേ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള കാര്‍ഗോകള്‍ സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യും. 16 വ്യക്തികളും പന്ത്രണ്ടോളം സംഘടനകളും കരിമ്പട്ടികയിലാകും. ആണവ ബാലിസ്റ്റിക് പരീക്ഷണത്തിന് ഉപയോഗിക്കുന്ന കല്‍ക്കരി, ഇരുമ്പ്, ഇരുമ്പയിര് തുടങ്ങിയവയുടെ കയറ്റുമതി തടയും. സ്വര്‍ണം, ടൈറ്റാനിയം ഉള്‍പ്പെടെയുളളവയുടെ കയറ്റുമതി തടയുക തുടങ്ങിയ അപ്രതീക്ഷിത നടപടികളാണ് രാജ്യം നേരിടേണ്ടി വരിക.
ഉത്തര കൊറിയയുടെ ഉറ്റ സുഹൃത്തായ ചൈനയുമായി ധാരണയിലെത്തിയാണ് അമേരിക്ക കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചത്. രക്ഷാസമിതിയുടെ നടപടിയെ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ സ്വാഗതം ചെയ്തു. ഉപരോധം ഏര്‍പ്പെടുത്തിയതില്‍ ദക്ഷിണ കൊറിയയും ജപ്പാനും അമേരിക്കയോടും ചൈനയോടും നന്ദി രേഖപ്പെടുത്തി. അതേസമയം ഉപരോധങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തിന്‍മേലുളള കടന്നുകയറ്റമാണെന്നാണ് ഉത്തരകൊറിയയുടെ പ്രതികരണം.