ലക്നോ: ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരേതനും വിജയം. ധര്മെ വില്ലേജിലെ സേത്ര പഞ്ചായത്തില്‍ മുജേന ബ്ലോക്കിലേക്കാണ് പരേതന് തെരഞ്ഞെടുക്കപ്പെട്ടത്.
വോട്ടെടുപ്പ് നടന്ന 13 ന് മൂന്ന് ദിവസം മുന്‍പ് ഇവിടെ സ്ഥാനാര്‍ഥിയായിരുന്ന രംഗീലാല് മരിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ മുന്‍ നിശ്ചയിച്ചതുപോലെ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വരണാധികാരിയും ജില്ലാ മജിസ്ട്രേറ്റുമായ അജയ് കുമാര്‍ ഉപാദ്ധ്യായ പറഞ്ഞു.
മരിച്ച രംഗിലാല് അടക്കം നാല് സ്ഥാനാര്‍ഥികളായിരുന്നു ബ്ലോക്കിലേക്ക് മത്സരരംഗത്തുണ്ടായിരുന്നത്. 641 വോട്ടുകളാണ് രംഗീലാലിന് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ രാജ്കുമാറിന് 61 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
വോട്ടെണ്ണലിന്റെ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള മറുപടി അനുസരിച്ചാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.