തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്ന് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ രാജിവെച്ചു. ആന്റണി രാജു, ഫ്രാന്‍സിസ് ജോര്‍ജ്, കെ.സി ജോസഫ് എന്നിവരാണ് രാജിവെച്ചത്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.
പാര്‍ട്ടിയില്‍ കുടുംബവാഴ്ചയാണെന്നും കെ.എം മാണിയിലുളള വിശ്വാസം കേരള കോണ്‍ഗ്രസ് അണികള്‍ക്ക് നഷ്ടമായെന്നും ആന്റണി രാജു ആരോപിച്ചു. അധികകാലം മാണിയുമായി സന്ധി ചെയ്യാനാകില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പിരിയാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയിലെ ഏഴ് അംഗങ്ങളില്‍ നാല് പേരും തങ്ങളോട് ആഭിമുഖ്യം ഉളളവരാണെന്നും ആന്റണി രാജു അഭിപ്രായപ്പെട്ടു.
ബാര്‍ കോഴയില്‍ മന്ത്രിസ്ഥാനം രാജിവെച്ചപ്പോള്‍ ധനകാര്യവകുപ്പ് മുഖ്യമന്ത്രിയെ ഏല്പിച്ചത് ജോസഫിനെ വിശ്വാസമില്ലാത്തതിനാലാണെന്നും ആന്റണി രാജു ആരോപിച്ചു. പഴയ കേരള കോണ്‍ഗ്രസ് ജെ പുനരുജ്ജീവിപ്പിക്കും. തങ്ങളുടെ നിലപാടുമായി യോജിക്കുന്ന പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗങ്ങളുടെ യോഗം ഒന്‍പതിന് തിരുവനന്തപുരത്ത് ചേരും. ഭാവി നിലപാടുകള്‍ അന്ന് തീരുമാനിക്കുമെന്നും ആന്റണി രാജു പറഞ്ഞു.
ബിജെപിയുമായി സഖ്യപ്പെടാനുളള രഹസ്യ നീക്കമാണ് മാണിയും ജോസ് കെ മാണിയും നടത്തുന്നതെന്നും ആന്റണി രാജു ആരോപിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജോസ് കെ മാണി കേന്ദ്രത്തില്‍ സഹമന്ത്രിയാണെന്നും അമിത് ഷായുടെ വീട്ടില്‍ പോയി ജോസ് കെ. മാണി ചര്‍ച്ച നടത്തിയത് ഇതിന്റെ ഭാഗമാണെന്നും ആന്റണി രാജു പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ കെ.എം മാണി കോഴ വാങ്ങിയിട്ടില്ലെന്ന് പറഞ്ഞിട്ടില്ല. മാണി കോഴ വാങ്ങിയെന്ന് മദ്യവ്യവസായികളാണ് ആരോപിച്ചത്. എന്നാല്‍ ഞങ്ങള്‍ അറിയുന്ന പാര്‍ട്ടി ചെയര്മാന് പണം വാങ്ങിയിട്ടില്ലെന്ന് പറഞ്ഞു. ആ വാക്കുകള്‍ വിശ്വസിക്കുക മാത്രമാണ് ചെയ്തതെന്നും ആന്റണി രാജു പറഞ്ഞു. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിഷങ്ങളില്‍ ഉള്‍പ്പെടെ മലയോര ജനതയുടെ വികാരത്തിന് എതിരെ നിന്ന നേതാവായിരുന്നു മാണിയെന്നും ആന്റണി രാജു ആരോപിച്ചു.
എല്‍ഡിഎഫുമായി ഇതുവരെ യാതൊരു ധാരണയും ഇല്ലെന്ന് പറഞ്ഞ ആന്റണി രാജു ഭാവിയില്‍ വ്യക്തമായ രാഷ്്ട്രീയ നിലപാടുമായി മുന്നോട്ടുപോകുമെന്നും കൂട്ടിച്ചേര്‍ത്തു.