കോഴിക്കോട്: കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി. ജയരാജനെ കോഴിക്കോട് എത്തിച്ചു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ പരിശോധനകളില്‍ കാര്യമായ കുഴപ്പങ്ങള്‍ ഇല്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് ജയരാജനെ തിരിച്ചുകൊണ്ടുപോയത്.
നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ ജയരാജന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ഇടയ്‌ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും തിരുവനന്തപുരം ശ്രീചിത്രയില്‍ വിദഗ്ധ പരിശോധനയ്‌ക്ക് പ്രവേശിപ്പിച്ചത്. പരിശോധനകളില്‍ കാര്യമായ കുഴപ്പമില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് തിരിച്ചയച്ചത്.
റെയില്‍വേ സ്റ്റേഷനില്‍ നിന്നും ജയില്‍ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പരിശോധനയ്‌ക്ക് വിധേയനാക്കിയ ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോകും. ജയരാജനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന്് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച അപേക്ഷ വെളളിയാഴ്ച കോടതി പരിഗണിക്കും.
കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസിലെ ഇരുപത്തിയഞ്ചാം പ്രതിയാണ് പി. ജയരാജന്‍. സിബിഐ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് കോടതിയില്‍ കീഴടങ്ങിയത്. എന്നാല്‍ സിബിഐയുടെ ചോദ്യം ചെയ്യലിന് വിധേയനാകാതെ ചികിത്സ വേണമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്ന സമീപനമാണ് ജയരാജന്‍ സ്വീകരിക്കുന്നത്.