ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ ഭൂരിപക്ഷ സമുദായങ്ങളെ കോര്‍ത്തിണക്കി രൂപീകരിച്ച ഭാരത് ധര്‍മ ജന സേന എന്‍ഡിഎയില്‍ സഖ്യകക്ഷിയായി. ഡല്‍ഹിയില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി നദ്ദയും ബിഡിജെഎസ് ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായാണ് സഖ്യത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ക്ക് എന്‍ഡിഎ ശക്തമായ ബദലാകുമെന്ന് ജെ.പി നദ്ദ പറഞ്ഞു.
ഇന്നലെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുളളവരുമായി ബിഡിജെഎസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് എന്‍ഡിഎയുടെ ഭാഗമാകുന്ന കാര്യത്തില്‍ തീരുമാനമായത്. ബിജെപി ആസ്ഥാനത്ത് നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്. ദേശീയ താല്പര്യമുളള കക്ഷികള്‍ ഒരുമിക്കുന്നത് രാജ്യത്തിന് ഗുണം ചെയ്യുമെന്ന് ജെ.പി നദ്ദ പറഞ്ഞു. അഴിമതിയില്‍ പരസ്പരം പഴിചാരിയും വികസന വിരോധികളുമായ ഇടതു, വലത് മുന്നണികളില്‍ നിന്ന് കേരളജനത മോക്ഷം ആഗ്രഹിക്കുന്നുണ്ടെന്നും ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യം ഇത്തവണ കേരളം ഭരിക്കുമെന്നും നദ്ദ പറഞ്ഞു.
സഖ്യം നിരുപാധികമാണെന്നും കേരളത്തിന്റെ വികസനം മാത്രമാണ് മുന്നോട്ടുവെയ്ക്കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനം സംബന്ധിച്ചുള്പ്പെടെയുളള തുടര്‍ ചര്‍ച്ചകള്‍ സംസ്ഥാന നേതൃത്വവുമായി കേരളത്തില്‍ നടക്കുമെന്നും തുഷാര്‍ വെള്ളാപള്ളി അറിയിച്ചു.