ന്യൂഡല്‍ഹി: എന്‍സിപി സ്ഥാപക നേതാവും മുന്‍ ലോക്സഭാ സ്പീക്കറുമായ പി.എ സാംഗ്മ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 68 വയസായിരുന്നു.
1996-98 കാലയളവിലായിരുന്നു സാംഗ്മ ലോക്സഭാ സ്പീക്കറായത്. ഇതിന് ശേഷം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണാബ് മുഖര്‍ജിക്കെതിരേ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1977 ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാംഗ്്മ മൊത്തം എട്ട് തവണയാണ് പാര്‍ലമെന്റിലെത്തിയത്.
കോണ്‍ഗ്രസ് നേതാവായിരുന്ന സാംഗ്മ വിദേശ പൗരത്വ വിഷയത്തില്‍ സോണിയാഗാന്ധിക്കെതിരേ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ശരത് പവാറിനും താരിഖ് അന്‍വറിനും ഒപ്പം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് സാംഗ്മ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കുന്നത്. 2004 ല്‍ എന്‍സിപി വിട്ട ശേഷം നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് രൂപം നല്‍കിയെങ്കിലും ഇത് പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസുമായി ലയിച്ചു.
സാംഗ്മയുടെ നിര്യാണത്തെത്തുടര്‍ന്ന് ലോക് സഭ ഇന്ന് നടപടികളിലേക്ക് കടക്കാതെ പിരിഞ്ഞു. 1947 സെപ്തംബര്‍ ഒന്നിനായിരുന്നു പൂര്ണോ അഗിതോക് സാംഗ്മയുടെ ജനനം. 1988-90 കാലയളവിലായിരുന്നു മേഘാലയ മുഖ്യമന്ത്രിയായത്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രതിനിധിക്ക് ഒരുതവണ അവസരം നല്‍കണമെന്ന അഭിപ്രായവുമായിട്ടാണ് സാംഗ്മ രാഷ്ട്രപതി സ്ഥാനത്തിന് അവകാശവാദമുന്നയിച്ചത്. ബിജെപിയുടെയും ബിജെഡിയുടെയും എഐഎഡിഎംകെയുടെയും പിന്തുണ ഉണ്ടായിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.