ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ ജാമ്യം നേടി പുറത്തെത്തിയ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ഇനി പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വെങ്കയ്യ നായിഡു. കനയ്യ ഉള്‍പ്പെടെയുളളവര്‍ പഠിക്കുന്നത് കേന്ദ്രസര്‍വ്വകലാശാലയിലാണ്. പൊതുജനങ്ങളുടെ പണം കൊണ്ടാണ് ഈ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനോട് നീതി പുലര്‍ത്തണമെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.
പഠനമല്ല രാഷ്‌ട്രീയമാണ് താല്‍പര്യമെങ്കില്‍ പഠിത്തം ഉപേക്ഷിച്ച് രാഷ്‌ട്രീയത്തിലിറങ്ങുകയാണ് വേണ്ടത്. അവര്‍ക്ക് ഇഷ്ടമുളള പാര്‍ട്ടിയില്‍ ചേരാം. പക്ഷെ കനയ്യയുടെ ഇഷ്ടപാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഒരംഗം പോലുമില്ലെന്നും വെങ്കയ്യ നായിഡു പരിഹസിച്ചു. ചുളുവില്‍ ചെലവില്ലാതെ കിട്ടുന്ന പ്രശസ്തി ആസ്വദിക്കുകയാണ് കനയ്യയെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.
ജെഎന്‍യുവിലെ അഫ്‌സല്‍ അനുസ്മരണ പരിപാടിക്കിടെ രാജ്യദ്രോഹമുദ്രാവാക്യം ഉയര്‍ന്ന സംഭവത്തില്‍ ഇരുപത്തിയൊന്ന് ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഇന്നലെയാണ് കനയ്യ കുമാര്‍ മോചിതനായത്.