തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകന് ഔദ്യോഗിക വാഹനങ്ങള്‍ ഓടിച്ചു പഠിക്കാന്‍ നല്‍കിയ തൃശ്ശൂര്‍ പൊലീസ് അക്കാദമി ഐജി സുരേഷ് രാജ് പുരോഹിതിനെതിരേ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഏപ്രില്‍ 26 നകം സംഭവത്തെക്കുറിച്ച് പ്രാഥമികറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
പൊതുപ്രവര്‍ത്തകന്‍ വടക്കാഞ്ചേരി സ്വദേശി കെ.ടി ബെന്നി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. പൊലീസ് അക്കാദമിയിലെ ഔദ്യോഗിക വാഹനം പൊലീസുകാരുടെ ബന്ധുക്കള്‍ ആരെങ്കിലും ഓടിക്കുകയാണെങ്കില്‍ പ്രത്യേക അനുമതി എടുക്കണമെന്നിരിക്കെ, ആരുടെയും അനുമതിയില്ലാതെ കുട്ടി വാഹനമോടിച്ചത് കുടുംബം ഉപയോഗിക്കുന്നതിന് തുല്യമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതും അഴിമതിക്ക് തുല്യമാണെന്നും ഈ സാഹചര്യത്തില്‍ ഉയര്‍ന്ന പദവിയിലിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്‍ കുറ്റം ചെയ്തതായി കണക്കാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വിവരം മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടും പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന വിയ്യൂര്‍ എസ്‌ഐ മഞ്ജുളദാസിനെതിരെയും അന്വേഷണം നടത്താന്‍ ജഡ്ജി എസ്.എസ് വാസന്‍ നിര്‍ദ്ദേശിച്ചു.
കോടതിയില്‍ ഹാജരാക്കിയ ദൃശ്യങ്ങളടങ്ങിയ സിഡി തെളിവായി സ്വീകരിച്ച് പ്രഥമദൃഷ്ട്യാ സംഭവം കുറ്റകരമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. പ്ലസ് വണ്‍ ക്ലാസില്‍ പഠിക്കുന്ന ഐജിയുടെ മകന്‍ പൊലീസ് അക്കാദമിയില്‍ ഐജിയുടെ വാഹനം ഉള്‍പ്പെടെ ഓടിച്ചുപഠിക്കുന്ന ദൃശ്യങ്ങള്‍ പൊലീസുകാര്‍ തന്നെയാണ് പുറത്തുവിട്ടത്. എന്നാല്‍ അക്കാദമിയിലെ പരിശീലനമേഖലയിലാണ് വാഹനമോടിച്ചതെന്ന ന്യായം പറഞ്ഞ്് വിഷയം ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടന്നിരുന്നു.
ഐ.ജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്തത്തെിയതോടെ ആഭ്യന്തരമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. എഡിജിപി രാജേഷ് ദിവാന് അന്വേഷണ ചുമതല നല്‍കിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കോടതിയില്‍ ഹര്‍ജി എത്തിയത്.















