ന്യൂഡല്‍ഹി: ജെഎന്‍യുവിലെ ദേശവിരുദ്ധരെ പിന്തുണച്ച രാഹുല്‍ ഗാന്ധിയുടെ നടപടിയില്‍ കോണ്‍ഗ്രസ് ലജ്ജിക്കണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ദേശവിരുദ്ധ ശക്തികളെ ദേശസ്‌നേഹികളാക്കി ചിത്രീകരിക്കാനുളള ശ്രമം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. മഥുരയില്‍ ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.
ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യമായി ഉയര്‍ത്തിക്കാട്ടുന്ന അപരിചിതമായ ചുറ്റുപാടാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ജെഎന്‍യു സന്ദര്‍ശിക്കുകയും അവിടെ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യമാണെന്നുമാണ് രാഹുല്‍ ഗാന്ധിയും പറഞ്ഞത്. കോണ്‍ഗ്രസ് വാസ്തവത്തില്‍ ഇതില്‍ ലജ്ജിക്കണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രയെ പരിഹസിക്കുന്നവര്‍ക്കും അമിത് ഷാ മറുപടി നല്‍കി. മുന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് ഇതിലും കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് നരേന്ദ്രമോദി ഉണ്ടാക്കിയതിന്റെ അത്രയും പ്രതിഫലനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐക്യരാഷ്‌ട്രസഭയില്‍ പ്രധാനമന്ത്രി ഹിന്ദിയില്‍ നടത്തിയ പ്രസംഗം കേട്ട രാ്ജ്യത്തിന് ഏറെ അഭിമാനമാണ് തോന്നിയതെന്നും അമിത് ഷാ പറഞ്ഞു.
ഇരുപത്തിയഞ്ച് വര്‍ഷമെങ്കിലും കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ തുടരാനുളള കഠിനപ്രയത്‌നമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്കില്‍ മാത്രമേ ഭാരതത്തിന് ലോകത്തിന്റെ വിശ്വഗുരു ആകാനാകൂ. അഞ്ച് വര്‍ഷം കൊണ്ട് വികസനവും വളര്‍ച്ചാനിരക്കും കൈവരിക്കാനും നമ്മുടെ അതിര്‍ത്തികള്‍ കൂടുതല്‍ സുരക്ഷിതമാക്കാനും കഴിയും. പക്ഷെ ലോകത്തിന് മുന്നില്‍ ഭാരതത്തെ മാതൃകയായി ഉയര്‍ത്തണമെങ്കില്‍ ബിജെപി ഇരുപത്തിയഞ്ച് കൊല്ലമെങ്കിലും ഭരണത്തില്‍ തുടരണമെ്ന്ന് അമിത് ഷാ പറഞ്ഞു.















