ന്യൂഡല്‍ഹി: ജെഎന്‍യു നിര്‍ഗുണ സര്‍വ്വകലാശാലയാണെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനും സുപ്രീംകോടതി മുന്‍ ജസ്റ്റീസുമായ മാര്‍ക്കണ്ഡേയ ഖഡ്ജു. തുടക്കം മുതല്‍ ഇതുവരെ രാജ്യത്തിനാവശ്യമായ ക്രിയാത്മകമോ ശാസ്ത്രീയമോ ആയ യാതൊരു ആശയങ്ങളും ജെഎന്‍യുവില്‍ നിന്ന് പിറന്നിട്ടില്ലെന്ന് ഖഡ്ജു ട്വിറ്ററില്‍ വിമര്‍ശിച്ചു. ജെഎന്‍യുവിനെ കേന്ദ്രീകരിച്ച് അടുത്തിടെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഖഡ്ജുവിന്റെ വിമര്‍ശനം.
ഈ ദിവസങ്ങളില്‍ ജെഎന്‍യുവിനെ സ്വതന്ത്ര ചിന്താഗതിയുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വലിയ കേന്ദ്രമായി ഇന്ത്യയിലും വിദേശത്തും പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ യുഎസിലെ ഹാര്‍വാര്‍ഡ്, ബെര്‍ക്കലെ സ്റ്റാന്‍ഫോര്‍ഡ് പോലുള്ള സര്‍വ്വകലാശാലകള്‍ ഒരു ഡസനോളം നൊബേല്‍ പുരസ്കാര ജേതാക്കളെയാണ് ഇതുവരെ സമ്മാനിച്ചിട്ടുളളത്. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളുടെ പേരിലാണ് ഇവയെല്ലാം ലഭിച്ചിട്ടുളളത്. എന്നാല്‍ ജെഎന്‍യുവില്‍ എന്ത് ഗവേഷണമാണ് നടക്കുന്നതെന്ന് ഖഡ്ജു ചോദിച്ചു.
തനിക്ക് ജെഎന്‍യുവിനെക്കുറിച്ച് മോശം അഭിപ്രായമാണെന്ന് തുറന്നുപറഞ്ഞുകൊണ്ടാണ് ഖഡ്ജുവിന്റെ വിമര്‍ശനം. കോളജോ സ്കൂളോ പോലെ ആകരുത് സര്‍വ്വകലാശാലകള്‍. സ്കൂളുകളും കോളജുകളും നിലവിലെ അറിവുകള്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. എന്നാല്‍ സര്‍വ്വകലാശാലകള്‍ നിലവിലുളളതിന് അപ്പുറത്തെ അറിവ് വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കാനാണ് ശ്രമിക്കേണ്ടത്. ഗവേഷണത്തിലൂടെയാണ് അത് സാധിക്കുക. ജെഎന്‍യുവില്‍ നടക്കുന്ന ഗവേഷണങ്ങളൊക്കെ രചനാമോഷണവും മൂല്യമില്ലാത്തതുമാണെന്നും ഖഡ്ജു ചൂണ്ടിക്കാട്ടി.
ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് ആസാദി മുദ്രാവാക്യം വിളിക്കാനും ബഹളമുണ്ടാക്കാനും നല്ലപോലെ അറിയാമെന്ന് പറഞ്ഞ ഖഡ്ജു തനിക്ക് അത് ഒരു ഫാഷന്‍ ആയിട്ടാണ് തോന്നുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ദാരിദ്ര്യത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും എങ്ങനെ സ്വാതന്ത്ര്യം ലഭിക്കുമെന്നാണ് കനയ്യയും കൂട്ടുകാരും സംസാരിക്കുന്നത്. എന്നാല്‍ ഇത് എങ്ങനെ ശാസ്ത്രീയമായി സാധിക്കുമെന്ന് ഇതുവരെ ഇവര്‍ ചിന്തിക്കാന്‍ പോലും തയ്യാറായിട്ടില്ല. വ്യക്തിപരമായി ഇത്തരം മുദ്രാവാക്യങ്ങളെ താന്‍ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഖഡ്ജു വിദ്യാര്ഥികള്ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തുന്നതിന് താന്‍ എതിരാണെന്നും വ്യക്തമാക്കി.
കശ്മീരിനെ ഇന്ത്യയില്‍ നിന്ന് സ്വതന്ത്രമാക്കണമെന്ന് മുദ്രാവാക്യം വിളിക്കുന്നവര്‍ അതിന്റെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്ന് ഖഡ്ജു ചോദിച്ചു. ഇന്ന് ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും കശ്മീരി കാര്‍പ്പെറ്റുകളും ഷോളുകളും കരകൗശല ഉല്‍പ്പന്നങ്ങളും വില്ക്കുന്നവരെ കാണാം. അടുത്തിടെ താന്‍ തിരുവനന്തപുരത്ത് കോവളം ബീച്ചില്‍ പോയപ്പോള്‍ പോലും ധാരാളം കശ്മീരികളുടെ കടകള്‍ അവിടെ കണ്ടിരുന്നു. കശ്മീരിന് സ്വാതന്ത്ര്യം നല്കിയാല് കശ്മീരിലെ ഇതുപോലുളള സാധാരണക്കാരുടെ കച്ചവടം ഉള്‍പ്പെടെ തകര്‍ന്നടിയും. പണ്ഡിറ്റുകളാണെങ്കിലും മുസ്്ലീങ്ങളാണെങ്കിലും കശ്മീരികള്‍ക്കെതിരായ കടന്നുകയറ്റത്തെ താന്‍ പൂര്‍ണമായി എതിര്‍ക്കുന്നുവെന്നും ഖഡ്ജു ചൂണ്ടിക്കാട്ടുന്നു.