ദുബായ്: യുഎഇയില്‍ മത്സ്യവില ഉയര്‍ന്നു. ഹമൂര്‍, നെയ്മീന്‍, അയല, ചെമ്മീന്‍ തുടങ്ങിയവയ്‌ക്കെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ പത്ത് മുതല്‍ 20 ശതമാനം വരെയാണ് വില വര്‍ധിച്ചത്.
ഗള്‍ഫ് ജനതയ്‌ക്ക് പ്രിയപ്പെട്ട ശേരി, സാഫി എന്നീ മത്സ്യങ്ങള്‍ പിടിക്കുന്നതിന് മാര്‍ച്ച് ഒന്ന് മുതല്‍ രണ്ട് മാസത്തേക്ക് യുഎഇ പരിസ്ഥിതി കാര്യ ജലവിഭവ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വില വര്‍ധന. യുഎഇയില്‍ നിന്ന് പിടിച്ച് മാര്‍ക്കറ്റുകളില്‍ എത്തിക്കുന്ന മീനുകള്‍ക്കാണ് വില വര്‍ധിച്ചു തുടങ്ങിയത്. അതേസമയം ഒമാന്‍, ഇന്ത്യ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന മത്സ്യങ്ങള്‍ക്ക് വലിയ തോതില്‍ വില വര്‍ധിച്ചിട്ടില്ല.
വില വര്‍ധിച്ചതോടെ മാര്‍ക്കറ്റുകളില്‍ മീന്‍ വാങ്ങാനത്തെുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. ഡിസംബര്‍ മുതല്‍ ഫെബ്രുവരി അവസാനം വരെ മത്സ്യവില താരതമ്യേന കുറഞ്ഞുനിന്നത് മലയാളികള്‍ അടക്കം പ്രവാസികള്‍ക്കും ആശ്വാസമായിരുന്നു.
രാജ്യത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് മത്സ്യബന്ധനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. അനധികൃത മത്സ്യ ബന്ധനം തടയാനും നിരോധിത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് കണ്ടുപിടിക്കാനും അധികൃതര്‍ പരിശോധനകളും കര്‍ശനമാക്കി. യുഎഇയിലെ മത്സ്യ സമ്പത്തില്‍ വന്‍തോതില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.













