ന്യൂഡല്‍ഹി: ശിവരാത്രി ആഘോഷത്തിനിടെ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഗുജറാത്തിലേക്ക് തീവ്രവാദികള്‍ കടന്നതായി പാകിസ്ഥാന്റെ മുന്നറിയിപ്പ്. പാകിസ്ഥാനില്‍ നിന്നുളള 10 തീവ്രവാദികള്‍ ഗുജറാത്തിലേക്ക് കടന്നതായിട്ടാണ് മുന്നറിയിപ്പ്. പാകിസ്ഥാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസിര്‍ ഖാന് ജാന്‍ജ്വ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയാണ് ഇക്കാര്യം അറിയിച്ചത്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഗുജറാത്ത് ഉള്‍പ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി.
ലഷ്കര്‍ ഇ തോയിബയുടെയും ജെയ്ഷെ ഇ മുഹമ്മദിന്റെയും തീവ്രവാദികളാണ് ഗുജറാത്തില്‍ എത്തിയിട്ടുളളതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ചയാണ് ശിവരാത്രി. മുന്നറിയിപ്പിനെ തുടര്‍ന്ന് ആഘോഷങ്ങള്‍ നടക്കുന്ന പ്രധാന സ്ഥലങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. ഇതാദ്യമായിട്ടാണ് പാകിസ്ഥാന് ഇത്തരമൊരു മുന്നറിയിപ്പ് ഇന്ത്യയുമായി പങ്കുവെയ്ക്കുന്നത്.
ഗുജറാത്ത് ഡിജിപി പി.സി ഥാക്കൂറിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സുരക്ഷ വിലയിരുത്തി. പ്രധാന നഗരങ്ങളിലും ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവധിയില്‍ പോയ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ വിളിപ്പിച്ചു. ഡല്‍ഹി ഉള്‍പ്പെടെയുളള മറ്റ് സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെ തീവ്രവാദികള്‍ ആക്രമണം നടത്തിയ പഠാന്‍കോട്ട് വ്യോമകേന്ദ്രവും സമീപപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിക്കഴിഞ്ഞു.