ലുധിയാന: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിനെ അഭിപ്രായ സ്വാതന്ത്ര്യ വിഷയത്തില്‍ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച 15 കാരി സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു. ലുധിയാനയില്‍ നിന്നുളള സ്കൂള്‍ വിദ്യാര്‍ഥിനി ജാന്‍വി ബെഹാളിന്റെ നിലപാടാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയല്ല ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരേ ആയിരുന്നു കനയ്യ സംസാരിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ജാന്‍വി വിദ്യാര്‍ഥി നേതാവിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചത്.
ജാന്വിയെക്കുറിച്ചുള്ള വാര്‍ത്തകളാണ് രണ്ട് ദിവസമായി ട്വിറ്ററിലും ഫെയ്സ്ബുക്കിലും ട്രെന്‍ഡിംഗ് ആയി നിറഞ്ഞുനില്ക്കുന്നത്. സാമൂഹ്യ വിഷയങ്ങളില്‍ ജാന്‍വി നേരത്തെ നടത്തിയ ഇടപെടലുകള്‍ പരിചയപ്പെടുത്തുന്ന വാര്‍ത്തകള്‍ കൂടി ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടതോടെ ഇതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇന്നലെയാണ് കനയ്യയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ജാന്‍വി രംഗത്തെത്തിയത്. സമയവും സ്ഥലവും കനയ്യയ്ക്ക് തീരുമാനിക്കാമെന്നും വീട്ടിലിരുന്ന് ആരെയും വിമര്‍ശിക്കാന്‍ എളുപ്പമാണെന്നും എന്നാല്‍ പ്രധാനമന്ത്രിയെപ്പോലെ പ്രവര്ത്തിക്കുന്നതിലാകണം കനയ്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ജാന്‍വി പറയുന്നു.
ലുധിയാനയിലെ ഭായ് രണ്‍ധീര്‍ സിംഗ് നഗറിലെ ഡിഎവി പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിനിയാണ് ജാന്‍വി. കുട്ടികള്‍ക്ക് പുകയിലയും മദ്യവും വില്‍ക്കുന്ന കടകളെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് ജാന്‍വി ശ്രദ്ധിക്കപ്പെടുന്നത്. ഇതിന്റെ ഫലമായി ഈ കടകള്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരുന്നു. മദര്‍ തെരേസയാണ് തന്റെ പ്രചോദനമെന്ന് വ്യക്തമാക്കുന്ന ജാന്‍വി സമൂഹത്തിന്റെ ഉന്നമനമാണ് തന്റെ ലക്ഷ്യമെന്നും പറയുന്നു.
പെണ്‍ഭ്രൂണഹത്യയ്ക്കെതിരേ അവബോധമുണ്ടാക്കാന്‍ മാ മേരാ കി കസൂര്‍ എന്ന പേരില്‍ ഡോക്യുമെന്ററി പുറത്തിറക്കിയ ജാന്‍വിയെ സ്വച്ഛ് ഭാരത് പദ്ധതിയില്‍ നല്കിയ സംഭാവനയ്ക്ക് കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ആദരിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലെ അശ്ലീലചിത്ര പ്രചാരണത്തിനെതിരേ പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയതും ശ്രദ്ധിക്കപ്പെട്ടു. സ്കൂള്‍ യൂണിഫോം ധരിച്ചാണ് ഈ കേസിന്റെ തുടര്‍ നടപടികള്‍ക്കായി ജാന്‍വി കോടതിയില്‍ ഹാജരായത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് തുടര്‍ച്ചയായി നടത്തുന്ന ധര്‍ണകള്‍ക്കും ഗതാഗത തടസമുണ്ടാക്കുന്നതിനും കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജാന്‍വി നടത്തിയ നീക്കവും ഏറെ പ്രശംസയ്ക്ക് പാത്രമായിരുന്നു.
പ്രധാനമന്ത്രി, ചീഫ് ജസ്റ്റീസ്, തുടങ്ങിയവരുടെയും കേന്ദ്രമന്ത്രിമാരുടെയും മുന്നില്‍ സാമൂഹ്യപ്രസക്തമായ നിരവധി വിഷയങ്ങള്‍ ജാന്‍വി കത്തുകളിലൂടെ നിരന്തരം ഉന്നയിക്കുന്നുണ്ട്. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും അദ്ദേഹത്തെയും സര്‍ക്കാരിനെയും ഇത്തരത്തില്‍ വിമര്‍ശിക്കുന്നത് തീര്‍ത്തും തെറ്റാണെന്നുമാണ് ജാന്‍വിയുടെ വാദം.