കൊച്ചി: യുഡിഎഫ് വിടേണ്ടെന്ന് ജെഎസ്എസിലെ രാജന് ബാബു വിഭാഗം തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ജെഎസ്എസ് നേതൃയോഗങ്ങളിലാണ് തീരുമാനം. അതേസമയം വെള്ളാപ്പള്ളി നടേശനൊപ്പം കോടതിയില്‍ പോയ രാജന് ബാബുവിന്റെ നടപടി നീതീകരിക്കാന്‍ കഴിയില്ലെന്നും എന്ത് വേണമെന്ന് യുഡിഎഫ് കൂട്ടായി തീരുമാനിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കോടതിയില്‍ ജാമ്യമെടുക്കാന്‍ പോയ വെള്ളാപ്പള്ളി നടേശനെ രാജന് ബാബു അനുഗമിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് നേതൃയോഗങ്ങള്‍ ചേര്‍ന്ന് ജെഎസ്എസ് രാജന് ബാബു വിഭാഗം നിലപാട് തീരുമാനിച്ചത്. സംഭവത്തില്‍ രാജന് ബാബുവിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ യുഡിഎഫ് വിടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും മറിച്ചുള്ളവ തല്പര കക്ഷികള്‍ പ്രചരിപ്പിക്കുന്നതാണെന്നും രാജന് ബാബു പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറിയേറ്റും സെന്ററും യോഗം ചേര്‍ന്നതായും ഇക്കാര്യത്തില്‍ യുഡിഎഫിന്റെ അതൃപ്തി ശരിവെക്കുന്നതായും രാജന് ബാബു പറഞ്ഞു. തന്റെ കാര്യത്തില്‍ എന്ത് വേണമെന്ന് യുഡിഎഫ് കൂട്ടായി തീരുമാനിക്കുമെന്ന ചെന്നിത്തലയുടെ പ്രതികരണം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അക്കാര്യം പൊതുജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണെന്നായിരുന്നു രാജന് ബാബുവിന്റെ മറുപടി. താന്‍ ചെയ്തതിനെക്കാള്‍ ക്ഷമിക്കാനാകാത്ത തെറ്റുകള്‍ ചെയ്തവര്‍ ഇപ്പോള്‍ പലയിടത്തും ഉണ്ടെന്നും രാജന് ബാബു പരോക്ഷമായി പരിഹസിച്ചു.
ജെഎസ്എസ് പ്രസിഡന്റ് കെ.കെ ഷാജുവിനെ യോഗത്തിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം വിട്ടുനിന്നു. ഗൗരിയമ്മയുടെ നേതൃത്വത്തിലുളള ജെഎസ്എസ് പ്രവര്‍ത്തകര്‍ യുഡിഎഫ് വിട്ടു പോയെങ്കിലും രാജന് ബാബുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മുന്നണിയില്‍ തുടരുകയായിരുന്നു.