ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഇടത് അനുകൂല വിദ്യാര്‍ഥിസംഘടനകള്‍ വിവാദമായ അഫ്‌സല്‍ അനുസ്മരണം നടത്തിയത് വൈസ് ചാന്‍സലറുടെ വിലക്കിനെ മറികടന്ന്. സാംസ്‌കാരിക പരിപാടിയെന്ന പേരില്‍ അനുമതി തേടിയിരുന്ന പരിപാടി അഫ്‌സല്‍ അനുസ്മരണമാണെന്ന് മനസിലായതോടെ വി.സി ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു.
പരിപാടി നടന്ന ഫെബ്രുവരി ഒന്‍പതിന് വൈകിട്ട് നാല് മണിക്ക് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് വിഷയം ചര്‍ച്ചയ്‌ക്ക് വന്നത്. പരിപാടി സാംസ്‌കാരിക സമ്മേളനമല്ല അഫ്‌സല്‍ അനുസ്മരണമാണെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ വി.സിയെ അറിയിക്കുന്നത് ഈ യോഗത്തിലാണ്. ഇതോടെ പരിപാടിയെ എതിര്‍ത്ത വി.സി അഫ്‌സല്‍ അനുസ്മരണം നടത്തരുതെന്ന് വിദ്യാര്‍ഥികളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
എബിവിപി യുള്‍പ്പടെയുള്ള സംഘടനകള്‍ കൗണ്‍സില്‍ യോഗത്തില്‍ പരിപാടിയെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നു കനയ്യയും കൂട്ടരും. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വ്വകലാശാല ഹൈപവര്‍ കമ്മറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് മാനേജ്‌മെന്റിനെ തെറ്റിദ്ധരിപ്പിച്ചാണ് പരിപാടി നടത്തിയതെന്ന് വ്യക്തമാക്കുന്നത്.