ചാലക്കുടി: നടന്‍ കലാഭവന്‍ മണി ചാലക്കുടിയുടെ മണ്ണില്‍ ഓര്‍മ്മയായി എരിഞ്ഞടങ്ങി. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വൈകിട്ട 5.35 ഓടെയാണ് വീടിനോട് ചേര്‍ന്ന് സജ്ജീകരിച്ച ചിതയില്‍ മണിയുടെ ഭൗതികശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങിയത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. തൃശൂര്‍ മെഡിക്കല്‍ കോളജിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ചാലക്കുടി നഗരസഭാ ഹാളിലും മണിയുടെ വീട്ടിലും പതിനായിരങ്ങളാണ് പ്രിയപ്പെട്ട നടനെ ഒരു നോക്ക് കാണാന്‍ എത്തിയത്.
മലയാളത്തിലെ ഒരു ചലച്ചിത്ര താരത്തിന് അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ബഹുമതിയായി ഈ ജനസഞ്ചയം. നാടന്‍പാട്ടിന്റെ സൗന്ദര്യവും അഭിനയത്തിന്റെ രസക്കൂട്ടും ആസ്വാദകരുടെ മനസില്‍ എരിയുന്ന കനലായി കടത്തിവിട്ട മണിക്ക് അതൊരു അര്‍ഹിക്കുന്ന വിടവാങ്ങല്‍ കൂടിയായി. ചാലക്കുടി നഗരസഭാ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം 3.45 ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മണിയുടെ വീട്ടിലേക്കുളള വഴികളൊക്കെ സൂചികുത്താനാകാത്ത വിധം ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു.
പൊലീസ് നന്നെ പണിപ്പെട്ടാണ് മൃതദേഹവും വഹിച്ചുകൊണ്ടുളള വാഹനം വീടിന് സമീപം എത്തിച്ചത്. ആളുകള്‍ അകത്തേക്ക് തള്ളിക്കയറാതിരിക്കാന്‍ വീടിന്റെ ഇരുഗേറ്റുകളും താഴിട്ട് പൂട്ടിയിരുന്നു. ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും മാത്രമായിരുന്നു വീടിനകത്തേക്ക് ആദ്യം കയറ്റിയിരുന്നത്. വീടിനുളളിലേക്ക് എത്തിച്ച മൃതദേഹം കണ്ട് മണിയുടെ ഭാര്യയും മകളും സഹോദരങ്ങളും അലമുറയിട്ട് കരയുന്ന കാഴ്ച കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.
അല്‍പസമയത്തിന് ശേഷം മണിക്കേറെ പ്രിയപ്പെട്ട നാട്ടുകാരില്‍ കുറച്ചുപേര്‍ക്കെങ്കിലും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മൃതദേഹം വീടിന്റെ മുറ്റത്ത് പൊതുദര്‍ശനത്തിന് വെച്ചു. തിക്കും തിരക്കും നിയന്ത്രിക്കാന്‍ പൊലീസ് ഇവിടെയും ഏറെ കഷ്ടപ്പെട്ടു. 5.20 ഓടെ മൃതദേഹം ചിതയിലേക്ക് എത്തിച്ചു. തുടര്‍ന്ന് സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക ബഹുമതി. ഇതിന് ശേഷം സഹോദരപുത്രന്‍ സനീഷ് മണിയുടെ ചിതയ്‌ക്ക് തീ കൊളുത്തി. ഭാവങ്ങള്‍ കൊണ്ടും പാട്ടുകൊണ്ടും ആസ്വാദകരെ വിസ്മയിപ്പിച്ച കലാഭവന്‍ മണി ഇനി തെളിഞ്ഞ ഓര്‍മയായി ആസ്വാദക മനസില്‍ നിലനില്‍ക്കും.