തിരുവനന്തപുരം: വിവാദമായ മെത്രാന് കായല്‍ ടൂറിസം പദ്ധതിക്ക് അനുമതി നല്‍കിയത് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുളള ഇടത് സര്‍ക്കാരാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. 2010 ല്‍ വി.എസ് മന്ത്രിസഭ ചര്‍ച്ച ചെയ്ത് അംഗീകരിച്ച ശേഷമായിരുന്നു പൊതുഭരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
എളമരം കരീം വ്യവസായ മന്ത്രിയായിരിക്കെ വ്യവസായ വകുപ്പായിരുന്നു പദ്ധതി മുന്നോട്ടുവെച്ചത്. റിസോര്‍ട്ടുകളും ബോട്ടിംഗും കണ്ടല്‍പാര്‍ക്കും അടക്കമുള്ള ടൂറിസം പദ്ധതിയായിരുന്നു വിഭാവനം ചെയ്തത്. 3000 കോടി രൂപയുടെ പദ്ധതി വന്‍കിട ബിസിനസ് ഗ്രൂപ്പ് ആരംഭിക്കുമെന്നായിരുന്നു വ്യവസായ വകുപ്പിന്റെ അവകാശവാദം. പദ്ധതിക്ക് കഴിഞ്ഞ ദിവസം അനുമതി നല്‍കിയതിന്റെ പേരില്‍ യുഡിഎഫ് സര്‍ക്കാരിനെതിരേ രംഗത്ത് വന്ന ഇടതുപക്ഷം പുതിയ രേഖകള്‍ പുറത്തുവന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ്. മെത്രാന് കായല്‍ നികത്താന്‍ അനുമതി നല്‍കിയതില്‍ കോടികളുടെ അഴിമതിയുണ്ടെന്നായിരുന്നു ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം.
അതിനിടെ കായല്‍ നികത്താനുളള റവന്യൂവകുപ്പിന്റെ ഉത്തരവ് വിവാദമായ സാഹചര്യത്തില്‍ ഉത്തരവ് പിന്‍വലിക്കാനുള്ള നീക്കം സര്‍ക്കാര്‍ സജീവമാക്കി. കെപിസിസി പ്രസിഡന്റ് അടക്കം നിരവധി പേര് വിമര്‍ശനവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മൂന്ന് ദിവസം മുന്‍പായിരുന്നു തിടുക്കപ്പെട്ട് റവന്യൂ വകുപ്പ് കായല്‍ നികത്താന്‍ അനുമതി നല്‍കിയത്. ഹൈക്കോടതി ഉത്തരവ് പോലും മറികടന്നായിരുന്നു നടപടി. അപാകതകള്‍ ഉണ്ടെങ്കില്‍ ഉത്തരവ് പുനപ്പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.