കണ്ണൂര്‍: കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ചോദ്യം ചെയ്യാന്‍ സിബിഐയ്ക്ക് അനുമതി. ജയരാജനെ കസ്റ്റഡിയില്‍ വിടണമെന്ന സിബിഐയുടെ അപേക്ഷ പരിഗണിച്ച് തലശേരി സെഷന്‍സ് കോടതിയാണ് തീരുമാനമെടുത്തത്.
നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ജയിലിലോ ആശുപത്രിയിലോ വെച്ച് ചോദ്യം ചെയ്യാം. അതേസമയം ജയരാജനെ പൂര്‍ണമായി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ റിവ്യൂ ഹര്‍ജി നല്കി.
ജയരാജനെ മൂന്ന് ദിവസത്തേക്ക് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നായിരുന്നു സിബിഐയുടെ നിലപാട്. ഭാഗീകമായ ചോദ്യം ചെയ്യല്‍ പ്രയോജനം ചെയ്യില്ലെന്നും സിബിഐ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിവ്യൂ ഹര്‍ജി നല്‍കിയത്. നിലവിലെ ഉത്തരവ് അനുസരിച്ച് ആശുപത്രിയിലോ ജയിലിലോ വെച്ച് ചോദ്യം ചെയ്യാന്‍ ആരംഭിച്ചാല്‍ ജയരാജന് നിസ്സഹരിക്കുമെന്നും കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കാന്‍ സാദ്ധ്യതയില്ലെന്നും സിബിഐ വിലയിരുത്തുന്നു.
ജയരാജന് ഒരു ദിവസം പതിന്നാലോളം മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും ആരോഗ്യസ്ഥിതി പരിഗണിച്ച് ചോദ്യം ചെയ്യാന്‍ സിബിഐ കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരുടെയും തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടര്‍മാരുടെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ജയരാജനെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. ജയരാജന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് ഇരുറിപ്പോര്ട്ടുകളിലും വ്യക്തമാക്കിയിരിക്കുന്നത്.