ന്യൂഡല്‍ഹി: പാര്‍ലമെന്റ് തടസപ്പെടുത്തുന്നത് ഒഴിവാക്കി അതിന്റെ ക്രെഡിറ്റും രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് ബിജെപി. പിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതിയേര്‍പ്പെടുത്തിയ ബജറ്റ് നിര്‍ദ്ദേശം സര്‍ക്കാര്‍ പിന്‍വലിച്ചത് തന്റെ സമ്മര്‍ദ്ദം കൊണ്ടാണെന്ന് രാഹുലിന്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു ബിജെപി. ചരക്കുസേവന നികുതി ബില്‍ പാസാക്കി അതിന്റെ ക്രെഡിറ്റും രാഹുല്‍ ഏറ്റെടുക്കണമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
എല്ലാ തീരുമാനങ്ങളുടെയും ക്രെഡിറ്റ് രാഹുല്‍ ഏറ്റെടുത്തോട്ടെ, കാരണം ഇതൊന്നും ബിജെപിക്ക് വേണ്ടിയുളള ബില്ലുകളല്ല രാജ്യത്തിന് വേണ്ടിയാണെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. പിഎഫ് നിക്ഷേപങ്ങള്‍ പിന്‍വലിക്കുമ്പോള്‍ അറുപത് ശതമാനം തുകയ്ക്ക് നികുതിയേര്‍പ്പെടുത്താനുളള നിര്‍ദ്ദേശമാണ് ജെയ്റ്റ്ലി ഇന്നലെ പിന്‍വലിച്ചത്. പാര്‍ലമെന്റില്‍ ജെയ്റ്റ്ലിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തന്റെ സമ്മര്‍ദ്ദം ഫലം കണ്ടുവെന്ന അവകാശവാദവുമായി രാഹുല്‍ രംഗത്തെത്തിയത്.
പ്രധാനപ്പെട്ട ബില്ലുകള്‍ പാര്‍ലമെന്റില്‍ തടസപ്പെടുത്തുക വഴി രാഹുല്‍ രാജ്യത്തെ പാവങ്ങളെയാണ് ദ്രോഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. പാവങ്ങള്‍ക്ക് കോണ്‍ഗ്രസ് വാ കൊണ്ടുളള സേവനം മാത്രമാണ് നല്‍കിയിട്ടുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.