ന്യൂഡല്‍ഹി: സാംസ്ക്കാരിക പരിപാടിയെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ആത്മീയാചാര്യന് ശ്രീ ശ്രീ രവിശങ്കര്‍. ഡല്‍ഹിയില്‍ നടത്താനിരിക്കുന്ന വേള്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്രീ ശ്രീ രവിശങ്കറിന്റെ വാക്കുകള്‍. എല്ലാ സംസ്ക്കാരങ്ങളും ഒരുമിക്കുന്ന പരിപാടിയാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മതങ്ങളുടെയും രാഷ്ട്രങ്ങളുടെയും ആശയങ്ങളുടെയും ഏകീകരണമാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യമുന നദിക്കരയില്‍ നിശ്ചയിച്ചിട്ടുളള പരിപാടിയെച്ചൊല്ലി രാവിലെ രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളം വെച്ചിരുന്നു. സ്വകാര്യ പരിപാടിക്ക് പാലം നിര്‍മിക്കാന്‍ സൈന്യത്തെ നിയോഗിച്ചത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സിപിഎം നേതാവ് സീതാറാം യെച്ചൂരി ഉള്‍പ്പെടെയുളളവര്‍ വിഷയം ഉന്നയിച്ചത്. പരിപാടിക്കായി മരങ്ങള്‍ മുറിച്ചുമാറ്റിയെന്നും നേതാക്കള്‍ ആരോപിച്ചിരുന്നു.
എന്നാല്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തിയായിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്ന് ശ്രീ ശ്രീ രവിശങ്കര്‍ ഉറപ്പുനല്‍കിയിരുന്നതായി പാര്‍ലമെന്ററികാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി. പരിസ്ഥിതിയോടുളള ശ്രീ ശ്രീ രവിശങ്കറിന്റെ പ്രതിബദ്ധതയെ സംശയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ജെഡിയു നേതാവ് ശരദ് യാദവും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമാണ് ചട്ടം 267 പ്രകാരം സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. എന്നാല്‍ ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യന് അനുമതി നിഷേധിക്കുകയും വിഷയം ശൂന്യവേളയില്‍ ചര്‍ച്ച ചെയ്യാമെന്ന് അറിയിക്കുകയുമായിരുന്നു.