ന്യൂഡല്‍ഹി: വിജയ് മല്യയെ രാജ്യം വിടാന്‍ സര്‍ക്കാര്‍ സഹായിച്ചുവെന്ന് ആരോപിച്ച് രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷ ബഹളം. എന്നാല്‍ മല്യയ്‌ക്ക് വായ്പകള്‍ അനുവദിച്ചത് യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്ന കാര്യം മറക്കരുതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തിരിച്ചടിച്ചു. പണം തിരിച്ചുപിടിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുള്‍പ്പെടെയുളള നടപടികള്‍ അവര്‍ സ്വീകരിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക കുറ്റകൃത്യത്തില്‍ പെട്ട ലളിത് മോഡിയെ രാജ്യം വിടാന്‍ സഹായിച്ചതും കോണ്‍ഗ്രസ് ആണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. നികുതി വെട്ടിപ്പുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പൊതുമാപ്പിന്റെ ഭാഗമായിട്ടാണ് മല്യയുടെ രക്ഷപെടല്‍ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. മല്യ രക്ഷപെടാനുള്ള ക്ര്ിമിനല്‍ ഗൂഢാലോചനയില്‍ സര്‍ക്കാരും പങ്കാളിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ആരോപിച്ചു.
പാര്‍ലമെന്റിന് അകത്തും പുറത്തും ഈ വിഷയം ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനായിരുന്നു കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍ മല്യയ്്ക്ക് വായ്പകള്‍ അനുവദിച്ചത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ അധികാരത്തിലിരുന്ന കാലത്താണെന്ന വസ്തുത മറച്ചുവെച്ചാണ് വിഷയം സര്‍ക്കാരിനെതിരായ ആയുധമാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്.
സര്‍ക്കാരിന് മല്യ വിശുദ്ധനല്ലെന്നും മല്യ കൊടുക്കാനുളള തുകയില്‍ ഒരു പൈസ പോലും എന്‍ഡിഎ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയും പ്രതികരിച്ചു. മല്യയ്‌ക്കെതിരേ പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 17 ബാങ്കുകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. മാര്‍ച്ച് രണ്ടിനാണ് മല്യ രാജ്യം വിട്ടത്. മല്യ ലണ്ടനില്‍ ഉണ്ടെന്നാണ് വിവരം. ഇന്നലെ ബാങ്കുകള്‍ നല്‍കിയ കേസ് പരിഗണിക്കവേ മല്യയ്‌ക്ക് നോ്ട്ടീസ് അയ്‌ക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.















