ന്യൂഡല്‍ഹി: ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന് നല്‍കുമെന്ന ബജറ്റ് നിര്‍ദ്ദേശത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. അഞ്ച് കോടി പാചകവാതക കണക്ഷനുകളാകും പ്രധാനമന്ത്രി ഉജ്ജ്വല യോജനയെന്ന പദ്ധതിപ്രകാരം നല്‍കുക. അടുത്ത മൂന്ന് സാമ്പത്തിക വര്ഷങ്ങള്ക്കുള്ളിലായിരിക്കും പദ്ധതി പൂര്‍ണമായി നടപ്പിലാക്കുക.
ഇതാദ്യമായിട്ടാണ് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഇത്തരത്തില്‍ വിപുലമായ ഒരു ക്ഷേമപദ്ധതി ആസൂത്രണം ചെയ്യുന്നത്. കേന്ദ്ര മന്ത്രിസഭായോഗത്തിന് ശേഷം പെട്രോളിയം മന്ത്രി ധര്‍മ്മേന്ദര്‍ പ്രഥാന് ആണ് ഇക്കാര്യം അറിയിച്ചത്. ഗ്രാമീണ സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ നടപടി. ഒരു മണിക്കൂര്‍ തുറന്ന അടുപ്പിന് സമീപം ഇരിക്കുന്നത് 400 സിഗരറ്റുകള്‍ വലിക്കുന്നതിന് തുല്യമാണെന്നും ഈ ദുരിതത്തില്‍ നിന്ന് ഗ്രാമീണ സ്ത്രീകളെ രക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നു.
ഒരു കണക്ഷന് 1600 രൂപയാണ് സര്‍ക്കാരിന് മുടക്കേണ്ടി വരിക. 8000 കോടിരൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ ചിലവഴിയ്ക്കുക. 2000 കോടിയുടെ ബജറ്റ് വിഹിതം ഉടന്‍ ലഭ്യമാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കളെ സംസ്ഥാന സര്‍ക്കാരുകളുമായി ആശയവിനിമയം നടത്തി കണ്ടെത്തും. പാചകത്തിന് അവലംബിക്കുന്ന രീതി മൂലം അഞ്ച് ലക്ഷത്തോളം പേര് ഇന്ത്യയില്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്.
ഹൃദയാഘാതവും പക്ഷാഘാതവും ശ്വാസകോശാര്‍ബുദവും ഉള്‍പ്പെടെയുളള രോഗങ്ങള്‍ ഇതിലൂടെ ഉണ്ടാകുന്നതായും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. വരുന്ന സാമ്പത്തിക വര്‍ഷം ഒന്നരക്കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പദ്ധതിപ്രകാരം പാചകവാതക കണക്ഷന് ലഭിക്കും.