ന്യൂഡൽഹി : ഇസ്രത്ത് ജഹാൻ കേസിൽ യു പി എ സർക്കാർ നടത്തിയ രാഷ്‌ട്രീയ ഇടപെടലിലേക്ക് വെളിച്ചം വീശുന്ന നാല് പ്രധാന രേഖകളെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ . മുൻ സർക്കാരിന്റെ കാലത്താണ് ഇത് നഷ്ടപ്പെട്ടിട്ടുള്ളതെന്നും ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി .
ഇസ്രത്ത് ജഹാൻ ലഷ്കർ ചാവേർ ആയിരുന്നെന്നുള്ള സത്യം മറച്ച് വച്ച് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കുടുക്കാൻ മുൻ യു പി എ സർക്കാർ രാഷ്‌ട്രീയമായി ശ്രമിച്ചിരുന്നതായുള്ള വാർത്തകൾ ഈയിടെയാണ് പുറത്തു വന്നത് . ഇസ്രത്തിന് ലഷ്കറുമായി ബന്ധമുണ്ടെന്ന വിവരം ഒഴിവാക്കി സത്യവാങ്മൂലം ഫയൽ ചെയ്യുകയായിരുന്നെന്ന് മുൻ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയാണ് വെളിപ്പെടുത്തിയത് .
അറ്റോർണി ജനറൽ ജി ഇ വഹൻവതിക്ക് ആഭ്യന്തര സെക്രട്ടറിയായിരുന്ന ജി കെ പിള്ള അയച്ച രേഖയുടെ ഓഫീസ് കോപ്പി, ജി കെ പിള്ള തന്നെ 2009 സെപ്റ്റംബർ 23 ന് അയച്ച മറ്റൊരു രേഖയും അനുബന്ധരേഖകളും , പി ചിദംബരം ഭേദഗതി ചെയ്ത് തയ്യാറാക്കിയ സത്യവാങ് മൂലത്തിന്റെ ഡ്രാഫ്റ്റ് എന്നിവ കാണാതായ രേഖകളുടെ പട്ടികയിൽ ഉൾപ്പെടുന്നു . ഇവ ഈ കേസുമായി ബന്ധപ്പെട്ട രേഖകളിൽ ഉൾപ്പെടുന്നുണ്ടെന്ന് നോട്ട് ഷീറ്റിൽ നിന്ന് വ്യക്തമാണ് .
രേഖകൾ നഷ്ടപ്പെട്ടതിനെപ്പറ്റി വിശദമായി അന്വേഷിക്കുമെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി .