തിരുവനന്തപുരം: സീറ്റ് വിഭജന ചര്‍ച്ചയില്‍ യുഡിഎഫ് അപമാനിച്ചതായി ആരോപിച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്മാന് ജോണി നെല്ലൂര്‍. പാര്‍ട്ടിയെയും വ്യക്തിപരമായി തന്നെയും യുഡിഎഫ് നേതാക്കള്‍ അപമാനിച്ചതായി ജോണി നെല്ലൂര്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഔഷധി ചെയര്മാന് സ്ഥാനം രാജിവെയ്ക്കുകയാണെന്നും സീറ്റ് വിഭജനം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകളില്‍ ഇനി പങ്കെടുക്കില്ലെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.
ആവശ്യപ്പെട്ട നാല് സീറ്റുകളില്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ലെന്ന് ജോണി നെല്ലൂര്‍ ചൂണ്ടിക്കാട്ടി. ഇന്നലെ നടന്ന ചര്‍ച്ചയിലും ഒരു മണിക്കൂര്‍ കാത്തിരുന്നിട്ടും യുഡിഎഫ് നേതാക്കള്‍ ഒന്നും പറഞ്ഞിട്ടില്ല. അങ്കമാലി സീറ്റ് നല്‍കാനാകില്ലെന്ന കോണ്‍ഗ്രസ് നിലപാടാണ് ജോണി നെല്ലൂരിനെ പ്രകോപിപ്പിച്ചത്. രൂപതകളുടെ എതിര്‍പ്പ് മൂലമാണ് സീറ്റ് നല്‍കാനാകാത്തത് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ എറണാകുളം അതിരൂപതയിലെ നാല് പിതാക്കന്മാരും തന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. താന്‍ ഒരു പരിപൂര്‍ണ വിശ്വാസിയാണെന്നും ഇപ്പോഴും പ്രത്യാശയുണ്ടെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
2011 ല്‍ മൂവാറ്റുപുഴ സീറ്റ് ജേക്കബ് ഗ്രൂപ്പില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുത്തിട്ടാണ് അങ്കമാലി പകരം നല്‍കിയത്. ജോണി നെല്ലൂരിനെ ഇക്കുറി അങ്കമാലിയില്‍ മത്സരിപ്പിക്കാനുളള ഒരുക്കങ്ങള്‍ പുരോഗമിക്കവേയാണ് കോണ്‍ഗ്രസ് നിലപാട് മാറ്റിയത്. പിറവം സീറ്റ് മാത്രമാണ് ഇക്കുറി കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിരിക്കുന്നത്.