ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയതല്ലെന്ന് വിജയ് മല്യ. രാജ്യാന്തര വ്യവസായിയാണ് താനെന്നും ഇന്ത്യയില്‍ നിന്ന് പുറത്തേക്കും തിരിച്ചും തുടര്‍ച്ചയായി യാത്രകള്‍ നടത്തുന്നത് പതിവാണെന്നും മല്യ ട്വിറ്ററില്‍ വ്യക്തമാക്കി. തനിക്കെതിരേ നടക്കുന്നത് മാദ്ധ്യമവിചാരണയാണെന്നും മല്യ പറഞ്ഞു.
രാജ്യസഭാ എംപിയെന്ന നിലയില്‍ ഇന്ത്യയിലെ നീതിന്യായ സംവിധാനങ്ങളെയും നിയമങ്ങളെയും താന്‍ ബഹുമാനിക്കുന്നുണ്ടെന്നും അത് അനുസരിക്കാന്‍ ബാദ്ധ്യസ്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമങ്ങള്‍ ഒരിക്കല്‍ വേട്ടയാടി തുടങ്ങിയാല്‍ അത് അതിന്റെ അങ്ങേയറ്റത്ത് എത്തും. സ്ത്യവും വസ്തുതകളും അവിടെ ചാരമായി മാറുകയാണ് പതിവെന്നും മല്യ ചൂണ്ടിക്കാട്ടി.
തന്റെ സ്വത്തുക്കളുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് മാദ്ധ്യമങ്ങള്‍ ആവശ്യപ്പെടുന്നത്. അതിന്റെ അര്‍ഥം വായ്പ തന്ന ബാങ്കുകളില്‍ തന്റെ സ്വത്തുവിവരങ്ങളുടെ രേഖകള്‍ ഇല്ലെന്നാണോയെന്ന് മല്യ ചോദിച്ചു. പാര്‍ലമെന്റില്‍ തന്നെക്കുറിച്ചുളള വിവരങ്ങളിലും ഇതില്ലേയെന്ന് അദ്ദേഹം ആരാഞ്ഞു.
വിവിധ ബാങ്കുകളില്‍ നിന്നെടുത്ത 9000 കോടിയിലധികം രൂപയാണ് വിജയ് മല്യ തിരിച്ചടയ്‌ക്കാനുളളത്. എസ്ബിഐ ഉള്‍പ്പടെയെുളള പൊതുമേഖലാ ബാങ്കുകള്‍ അടക്കം പതിനേഴോളം ബാങ്കുകളാണ് ഇതില്‍ ഉള്‍പ്പെടുക. മല്യയ്‌ക്കെതിരേ കഴിഞ്ഞ ദിവസം ഈ ബാങ്കുകള്‍ സംയുക്തമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിഷയം സര്‍ക്കാരിനെതിരായ ആയുധമാക്കാനായിരുന്നു പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ശ്രമം. ഇതിനിടയിലാ്ണ് മല്യയുടെ വിശദീകരണം പുറത്തുവന്നത്.