ന്യൂഡല്‍ഹി: വിജയ് മല്യയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നോട്ടീസ്. ഐഡിബിഐ ബാങ്കില്‍ നിന്ന് 900 കോടി രൂപ വായ്പയെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. മല്യയ്ക്ക് വായ്പ നല്കിയിട്ടുളള മറ്റ് ബാങ്കുകളോടും രേഖകള്‍ ഹാജരാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
ബാങ്കുകളുടെ വായ്പ തിരിച്ചടയ്ക്കാത്ത മല്യയുടെ നടപടി വിവാദത്തിലായിരിക്കെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നടപടി. മല്യയ്ക്കെതിരേ പതിനേഴ് ബാങ്കുകള്‍ ചേര്‍ന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മറ്റ് ബാങ്കുകളോടും രേഖകള്‍ ഹാജരാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 18 ന് ഹാജരാകണമെന്നാണ് വിജയ് മല്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മല്യയുടെ ഉടമസ്ഥതയില്‍ ഉള്ള കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആയിരുന്ന എ. രഘുനാഥന് രാവിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായിരുന്നു. ഐഡിബിഐ ബാങ്കിന്റെ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യോഗേഷ് അഗര്‍വാളിനും ഏതാനും മുതിര്‍ന്ന എക്സിക്യൂട്ടീവുകള്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുകളും നികുതി രേഖകളും ഹാജരാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മല്യയ്ക്കും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അനുബന്ധമായിട്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സാമ്പത്തിക കുറ്റകൃത്യ നിരോധന നിയമപ്രകാരമാണ് കേസ്.