തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് അവസാനിച്ചു. അഞ്ച് മണി വരെയുള്ള പ്രാഥമിക കണക്കനുസരിച്ച് 76 ശതമാനമാണ് പോളിംഗ്. അന്തിമ കണക്കുകള്‍ വരുന്നതോടെ ഇത് ഉയരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന സൂചന.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. പ്രാഥമിക കണക്കുകള്‍ അനുസരിച്ച് വയനാട്ടിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 80 ശതമാനം. കണ്ണൂരും കാസര്‍ഗോഡും 76 ശതമാനവും കോഴിക്കോട് 74 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഇടുക്കിയില്‍ 75 ഉം കൊല്ലത്ത് 74 ഉം തിരുവനന്തപുരത്ത് 72 ശതമാനവുമാണ് പോളിംഗ്.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രാവിലെ മുതല്‍ പെയ്ത മഴയാണ് പോളിംഗിനെ പ്രതികൂലമായി ബാധിച്ചത്. കണ്ണൂരില്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിച്ചാല്‍ തെരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. അഞ്ച് മണിക്ക് ശേഷവും പല പോളിംഗ് ബൂത്തിലും വോട്ടര്‍മാരുടെ നിരയുണ്ടായിരുന്നു. ഇവരെയും ടോക്കണ്‍ നല്കി വോട്ട് ചെയ്യാന്‍ അനുവദിച്ചു.
കൊല്ലം ജില്ലയില്‍ പലയിടത്തും വോട്ടിംഗ് യന്ത്രം പണിമുടക്കി. പരവൂര്‍, പൂതക്കുളം, ചിറക്കര, പത്തനാപുരം നെടുമ്പറമ്പ്, ഓച്ചിറ, കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ സമ്പ്രമം വാര്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് തടസപ്പെട്ടത്. കോഴിക്കോടും വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാല്‍ നിരവധി ബൂത്തുകളില്‍ പോളിംഗ് തടസപ്പെട്ടു.
കണ്ണൂരില്‍ പരിയാരത്ത് ഉള്‍പ്പെടെയാണ് സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അ്ക്രമങ്ങള് നടത്തിയത്. പാനൂര്‍ നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ വെബ് ക്യാമറ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിച്ചില്ലെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷണത്തിന് നിര്‍ദ്ദേശം നല്കി.