ന്യൂഡല്‍ഹി: ആധാര്‍ ബില്‍ ലോക്സഭ പാസാക്കി. സര്‍ക്കാര്‍ സേവനങ്ങള്‍ക്കും സബ്സിഡികള്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ക്കും ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ആധാര്‍ കാര്‍ഡിനായി ശേഖരിക്കുന്ന വിവരങ്ങളുടെ സ്വകാര്യത പൂര്‍ണമായി ഉറപ്പാക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയെ അറിയിച്ചു.
മണി ബില്ല് അഥവാ ധനകാര്യ ബില്ല് ആയിട്ടാണ് ആധാര്‍ ബില്‍ ലോക്സഭ പരിഗണിച്ചത്. ആനുകൂല്യങ്ങള്‍ നല്കാതിരിക്കാനല്ല അത് അര്‍ഹരായ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഉറപ്പാക്കുകയാണ് ആധാര്‍ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് ബില്ലിന്മേല് നടന്ന ചര്‍ച്ച ഉപസംഹരിച്ച് ധനമന്ത്രി വ്യക്തമാക്കി. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തില്‍ നിലനിന്ന ആശങ്കകള്‍ പരിഹരിക്കാന്‍ എന്‍ഡിഎ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇതിനകം 24.89 കോടി കുടുംബങ്ങള്‍ ആധാര്‍ കാര്‍ഡുകള്‍ സ്വീകരിച്ചു കഴിഞ്ഞു. മാത്രമല്ല 11.80 കോടി പേര് പാചകവാതക കണക്ഷനും 10.83 കോടി പേര് റേഷന്‍ കാര്‍ഡുകളും 6.08 കോടി പേര് തൊഴിലുറപ്പ് കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.
2013 സെപ്തംബറില്‍ ആധാര്‍ കാര്‍ഡുകളുടെ നിയമസാധുത സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി ഉത്തരവ് മൂലം ഉണ്ടാകുന്ന കടമ്പകള്‍ തരണം ചെയ്യാന്‍ എന്‍ഡിഎ സര്‍ക്കാര്‍ ആധാര്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.