ന്യൂഡല്‍ഹി: ഒരാഴ്ചയ്ക്കിടെ ചൈനയുടെ സൈന്യം രണ്ട് തവണ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചതായി റിപ്പോര്‍ട്ട്. ലഡാക്ക് ,ജമ്മു കാശ്മീര്‍ മേഖലകളിലാണ് അതിര്‍ത്തിലംഘനം നടന്നത്. സംഭവത്തെക്കുറിച്ച് കേന്ദ്ര പ്രതിരോധമന്ത്രാലയം വിവരശേഖരണമാരംഭിച്ചു.
മാര്‍ച്ച് 8നും 11നും രണ്ടിടങ്ങളിലായി ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അതിര്‍ത്തി ലംഘനം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച എട്ടിന് ലഡാക് സെക്ടറിലെ പാന്ഗോങ് തടാകത്തിന് സമീപമുള്ള ഇന്ത്യയുടെ ആറ് കിലോമീറ്ററോളം ദൂരമാണ് സൈന്യം അതിക്രമിച്ച് കയറിയത്. നാല് വാഹനങ്ങളിലായി 11 സൈനികരാണ് നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ചത്.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കേണല്‍ റാങ്കിലുള്ള സൈനികന്റെ നേതൃത്വത്തിലായിരുന്നു അതിര്‍ത്തി ലംഘനം. വിവരമറിഞ്ഞ് അതിര്‍ത്തി കാക്കുന്ന ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സംഭവസ്ഥലത്തെത്തുകയും മണിക്കൂറുകളോളം ഇരുകൂട്ടരും നേര്‍ക്കുനേര്‍ നിലയുറപ്പിക്കുകയും ചെയ്തു. അതിര്‍ത്തി ലംഘിച്ചിരിക്കുകയാണെന്നും ഉടന്‍ മടങ്ങണമെന്നും ആവശ്യപ്പെടുന്ന ബാനര്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഉയര്‍ത്തിക്കാട്ടിയതിനെ തുടര്‍ന്നാണ് ഇവര്‍ പിന്തിരിഞ്ഞത്.
മാര്‍ച്ച് 11നും സമാനമായ സംഭവങ്ങളാണ് അരങ്ങേറിയത്. ജമ്മു കാശ്മീരിലെ താക്കുങ്ക് അതിര്‍ത്തി അതിര്‍ത്തിയാണ് ചൈനയുടെ സൈന്യം ലംഘിച്ചത്. റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം വിവരശേഖരണം ആരംഭിച്ചു.