കണ്ണൂര്‍: കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസില്‍ നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് കേസിലെ ഇരുപത്തിയഞ്ചാം പ്രതിയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്. സിബിഐയുടെ ചോദ്യം ചെയ്യലിലാണ് ജയരാജന് ഇക്കാര്യം വ്യക്തമാക്കിയത്.
ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസം നുണപരിശോധനയ്ക്ക് തയ്യാറുണ്ടോ എന്ന് സിബിഐ സംഘം ജയരാജനോട് ചോദിച്ചിരുന്നു. അഭിഭാഷകരുമായി ആലോചിച്ച് മറുപടി പറയാമെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇന്നലെ പരിശോധനയ്ക്ക് തയ്യാറല്ലെന്ന കാര്യം ജയരാജന് അറിയിക്കുകയായിരുന്നു.
മൂന്ന് ദിവസം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് മണി വരെ ജയരാജനെ ചോദ്യം ചെയ്യാനാണ് സിബിഐയ്ക്ക് തലശേരി സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നത്. ഈ സമയം ഇന്നലെ വൈകിട്ട് ആറ് മണിയോടെ അവസാനിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ജയരാജന് പൂര്‍ണമായി സഹകരിച്ചില്ലെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ജയരാജനെ മുഴുന്‍ സമയ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് സിബിഐ വീണ്ടും അപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന.
ജയരാജന്റെ റിമാന്‍ഡ് കാലാവധി ഏപ്രില്‍ എട്ട് വരെ കോടതി ഇന്നലെ നീട്ടിയിരുന്നു. പി. ജയരാജന് വേണ്ടി തിങ്കളാഴ്ച വീണ്ടും ജാമ്യാപേക്ഷ നല്‍കുമെന്ന് സിപിഎം നേതാവ് എം.വി ജയരാജന് വ്യക്തമാക്കി.