കൊട്ടാരക്കര: ആര്‍എസ്എസ് പ്രചാരകിനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ കൊട്ടാരക്കരയില്‍ വീണ്ടും പൊലീസ് നരവേട്ട. കേസിലെ പ്രതികളെ പിടികൂടാനെന്ന പേരില്‍ രാത്രി വീടുകള്‍ കയറിയിറങ്ങുന്ന പൊലീസ് സ്്ത്രീകള്‍ ഉള്‍പ്പെടെയുളളവരെ മര്‍ദ്ദിച്ചത് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാത്രി വാളകം ദര്‍ശന്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റിവിറ്റിയിലെത്തിയ പൊലീസ് സംഘം ഇവിടുത്തെ ഡ്രൈവര്‍ ബിജുവിനെ കസ്റ്റഡിയിലെടുത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി.
സ്‌കൂളിലെ വാര്‍ഷിക പരിപാടികള്‍ നടക്കുന്നതിനിടെയായിരുന്നു മുപ്പതിലേറെ വരുന്ന പൊലീസ് സംഘം എസ്‌ഐ ശിവപ്രസാദിന്റെ നേതൃത്വത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിക്കുകയും ബിജുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ആര്‍എസ്എസ് പ്രചാരക് ബിനീഷിനെയും പ്രവര്‍ത്തകരെയും മര്‍ദ്ദിച്ച സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ കൊട്ടാരക്കരയില്‍ പ്രകടനം നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്തുവെന്ന് ആരോപിച്ചാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സ്‌കൂളില്‍ വാര്‍ഷികാഘോഷ പരിപാടിക്കെത്തിയവരും നാട്ടുകാരും ചേര്‍ന്ന് പോലീസ് വാഹനം തടയുകയും എംസി റോഡ് ഉപരോധിക്കുകയും ചെയ്തു. ഇതിനിടെ അതുവഴി കടന്നു വന്ന ഇ.എസ് ബിജിമോള്‍ എംഎല്‍എയുമായും കൊട്ടാരക്കര എസ്‌ഐ കയര്‍ത്തു. സംഭവമറിഞ്ഞ് ചടയമംഗലം എംഎല്‍എ മുല്ലക്കര രത്‌നാകരനും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ഏറെ സമയത്തിന് ശേഷം ആളുമാറിയെന്ന് ബോധ്യപ്പെട്ടപ്പോള്‍ ബിജു മദ്യപിച്ചെത്തിയെന്ന സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ പരാതിയെത്തുടര്‍ന്നാണ് കസ്റ്റഡിയിലെത്തിയതെന്ന നിലപാടിലായി എസ്‌ഐ ശിവപ്രസാദ്. എന്നാല്‍ പ്രിന്‍സിപ്പാള്‍ ഇക്കാര്യം നിഷേധിച്ചതോടെ രാത്രി വൈകി ബിജുവിനെ പൊലീസിന് വിട്ടയയ്‌ക്കേണ്ടി വന്നു. എസ്‌ഐയുടെ അതിക്രമത്തില്‍ അന്വേഷണം ഉണ്ടാകുമെന്ന എസ്പിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ ഉപരോധം പിന്‍വലിക്കാന്‍ തയ്യാറായത്.
ആര്‍എസ്എസ് പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍ഷമുണ്ടായ സംഭവത്തില്‍ പ്രതികളെ പിടിക്കാനെന്ന പേരില്‍ അര്‍ധരാത്രി വീട് കയറി നടത്തിയ പരിശോധനകള്‍ക്കിടെ സ്ത്രീകളെ ഉപദ്രവിച്ചതിന്റെ പേരില്‍ എസ്‌ഐ ശിവപ്രസാദിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍, വനിതാകമ്മീഷന്‍ എന്നിവിടങ്ങളില്‍ പരാതി നിലനില്‍ക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇന്നലത്തെ സംഭവം. നേരത്തെയും ചുമതലയില്‍ ഇരുന്ന അഞ്ചല്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ പല ആരോപണങ്ങളും ഇയാള്‍ നേരിട്ടിരുന്നു.















