കോട്ടയം: റബ്ബര്‍ കര്‍ഷകര്‍ക്കുവേണ്ടി എന്ന പേരില്‍ ജോസ് കെ മാണി എംപി നടത്തിയ നിരാഹാര സമരത്തിന് പിന്നില്‍ ഇവന്റ് മാനേജ്മെന്റ് സംഘം ആയിരുന്നുവെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. സമരം ജോസ് കെ മാണിക്കുവേണ്ടി മാത്രം നടത്തിയതാണെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
കോട്ടയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജനാധിപത്യ കേരളകോണ്‍ഗ്രസ് ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ്. കുടുംബകേന്ദ്രീകൃതമായി കേരള കോണ്‍ഗ്രസ് എം മാറിയെന്നും ബാര്‍ കോഴക്കേസില്‍ ഗത്യന്തരമില്ലാതെയാണ് കെ.എം മാണി രാജി വച്ചതെന്നും അദ്ദേഹം പറഞ്ഞു. വകുപ്പുകള്‍ കുടുംബത്തിന്റെ കുത്തകയെന്ന സന്ദേശമാണ് കെ എം മാണി നല്‍കിയത്.
ഏതു വിധേനയും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ മാണി ശ്രമിച്ചു. പിന്നില്‍ നിന്ന് കുത്തിയത് ആരെന്ന് കെ.എം മാണി ആത്മപരിശോധന നടത്തണം. ബാര്‍ കോഴക്കേസില്‍ ഗൂഢാലോചന നടത്തിയത് ആരെന്നുള്ള റിപ്പോര്‍ട്ട് കെ.എം മാണിയുടെ കയ്യിലുണ്ട്. അത് അദ്ദേഹം വെളിപ്പെടുത്തട്ടെയെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
പാര്‍ട്ടി വിട്ടവര്‍ക്ക് പിജെ ജോസഫിന്റെ പിന്തുണയുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം 16 ന് കോട്ടയത്ത് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.