തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ വി.എസിന്റെ പേരില്ല. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ അവതരിപ്പിച്ച സ്ഥാനാര്‍ഥിപ്പട്ടികയില്‍ വി.എസിന്റെ പേരില്ല. വി.എസ് മത്സരിക്കാനിരുന്ന മലമ്പുഴയില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് എ പ്രഭാകരന്റെ പേരാണ് ജില്ലാ സെക്രട്ടറിയേറ്റ് സമര്‍പ്പിച്ച പട്ടികയില്‍ ഉളളത്.
വിഎസും പിണറായിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് കഴിഞ്ഞ ദിവസം പിബി നിര്‍ദ്ദേശിച്ചിരുന്നു. മലമ്പുഴ വി.എസിനായി ഒഴിച്ചിട്ടിരിക്കുകയാണെന്നും പ്രചാരണം ഉണ്ടായിരുന്നു. ഇതിനിടയിലാണ് വി.എസിന്റെ പേര് സ്ഥാനാര്‍ഥി പട്ടികയില്‍ ന്ിന്ന് ഒഴിവാക്കപ്പെട്ടത്. 2011 ലും സ്ഥാനാര്‍ഥി പട്ടികയില്‍ വി.എസി്‌ന്റെ പേര് ഉണ്ടായിരുന്നില്ല. പാര്‍ട്ടി ദേശീയ നേതൃത്വം ഇടപെട്ടാണ് വി.എസിന് അന്ന് സീറ്റ് നല്‍കിയത്.
നിലവിലെ പട്ടികയനുസരിച്ച് സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ആറ് അംഗങ്ങളാകും മത്സരിക്കുക. പിണറായി വിജയന്‍ (ധര്‍മടം), തോമസ് ഐസക് (ആലപ്പുഴ), ഇ.പി ജയരാജന്‍ (മട്ടന്നൂര്‍), എ.കെ ബാലന്‍ (തരൂര്‍), എം.എം മണി (ഉടുമ്പന്‍ചോല), ടി.പി രാമകൃഷ്ണന്‍ (പേരാമ്പ്ര) എന്നിവരുടെ പേരുകളാണ് ഉളളത്. സിഐടിയു നേതാവ് എളമരം കരീമിനെയും ഒഴിവാക്കിയിട്ടുണ്ട്.