തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ മത്സരരംഗത്ത് നിന്ന് ഒഴിവാക്കാനുളള സിപിഎം ഔദ്യോഗികപക്ഷത്തിന്റെ നീക്കം പാളി. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് നല്‍കിയ പട്ടികയില്‍ വി.എസിന്റെ പേരില്ലായിരുന്നുവെങ്കിലും അദ്ദേഹത്തെ മത്സരിപ്പിക്കാനുളള പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് ഒടുവില്‍ അംഗീകരിക്കുകയായിരുന്നു.
വി.എസ് മത്സരിക്കുന്ന മലമ്പുഴയില്‍ വി.എസിന് പകരം സിഐടിയു ജില്ലാ പ്രസിഡന്റ് എ. പ്രഭാകരന്റെ പേരായിരുന്നു ജില്ലാ സെക്രട്ടറിയേറ്റ് സമര്‍പ്പിച്ച പട്ടികയില്‍ ഉണ്ടായിരുന്നത്. വിവരം മാദ്ധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് മുഖം രക്ഷിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് വി.എസിനെ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചത്.
മലമ്പുഴയില്‍ തന്നെ വി.എസ് മത്സരിക്കാനാണ് സാദ്ധ്യത. വി.എസിനെയും പിണറായിയെയും മത്സരിപ്പിക്കാന്‍ കഴിഞ്ഞ ദിവസം സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മലമ്പുഴ സീറ്റ് വി.എസിനായി ഒഴിച്ചിട്ടിരിക്കുകയാണെന്ന പ്രചാരണവും പാര്‍ട്ടി നേതാക്കള്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും വി.എസിന്റെ പേര് ഒഴിവാക്കപ്പെട്ടത്.