ജയ്പൂര്‍: ഗണവേഷം പരിഷ്കരിക്കാന്‍ ആര്‍എസ്എസ് തീരുമാനം. കാക്കി ട്രൗസറിന് പകരം വുഡ് ബ്രൗണ്‍ നിറത്തിലുള്ള പാന്റ്സോ ട്രൗസറോ ഉപയോഗിക്കാനാണ് തീരുമാനം. രാജസ്ഥാനിലെ നഗൗറില്‍ നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയിലാണ് തീരുമാനം.
കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്നും അതുകൊണ്ട് തന്നെ വര്‍ഷങ്ങളായി ഒപ്പം കൂട്ടിയ ഡ്രസ് കോഡ് മാറ്റുന്നതില്‍ യാതൊരു ശങ്കയും ഇല്ലെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി വ്യക്തമാക്കി.
ക്ഷേത്രങ്ങളില്‍ സത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിഷയത്തില്‍ ചര്‍ച്ചയിലൂടെയാണ് പരിഹാരം കാണേണ്ടതെന്നും അല്ലാതെ പ്രതിഷേധത്തിലൂടെയല്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാണ് ആര്‍എസ്എസിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
സംവരണ വിഷയത്തിലും ഭയ്യാജി ജോഷി നിലപാട് വ്യക്തമാക്കി. സമൂഹത്തിലെ ദുര്‍ബ്ബല വിഭാഗങ്ങളെ സംവരണം ഏറെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ സമൂഹത്തില്‍ ഉന്നത നിലയിലുള്ളവര്‍
സംവരണം ആവശ്യപ്പെടുന്നത് ആശാവഹമല്ലെന്നും അംബേദ്ക്കറിന്റെ ചിന്തകളില്‍ നിന്നും ഭരണഘടനയില്‍ നിന്നുമുളള വ്യതിചലനമായിരിക്കും ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ഭയ്യാജി ജോഷി കൂട്ടിച്ചേര്‍ത്തു.